ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ എംഎസ് ധോണി”ക്യാപ്റ്റൻ കൂൾ” എന്ന തന്റെ വിളിപ്പേര് ഔദ്യോഗികമായി ട്രേഡ്മാർക്ക് ചെയ്തത് ചില കോണുകളിൽ നിന്ന് വിമർശനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിവെച്ചിട്ടുണ്ട്. ധോണി വ്യക്തിപരമായ സ്വാർത്ഥതയ്ക്കായാണ് തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തത് എന്നാണ് പലരുടെയും വിമർശനം. എന്നാൽ തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തതോടെ ധോണി ലക്ഷ്യമിടുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്.. അവ എന്തൊക്കയാണെന്ന് പരിശോധിക്കാം..
ദുരുപയോഗം..
“ക്യാപ്റ്റൻ കൂൾ” എന്ന പേര് വർഷങ്ങളായി ധോണിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ പേര് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ധോണിയുടെ അനുമതിയില്ലാതെ പല ബിസിനസ്സുകൾക്കും വ്യക്തികൾക്കും ഈ പേര് ഉപയോഗിച്ച് വാണിജ്യപരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത് ധോണിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. ട്രേഡ്മാർക്ക് ചെയ്യുന്നതിലൂടെ, ഈ പേരിന്റെ വാണിജ്യപരമായ ഉപയോഗം ധോണിക്ക് നിയന്ത്രിക്കാനും മറ്റുള്ളവർ ദുരുപയോഗം ചെയ്യാനുമുള്ള സാദ്ധ്യതകൾ ഇല്ലാതാവുന്നു.
ഭാവിയിലേക്കുള്ള നിക്ഷേപം
നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മാത്രം കളിക്കുന്ന ധോണി ഇനി അധികനാൾ കളിക്കാരൻ എന്ന നിലയിൽ മൈതാനത്ത് ഉണ്ടാവില്ല. കളിയവസാനിപ്പിച്ചാൽ ധോണി ചില ബിസിനസ് പദ്ധതികളും തയാറാക്കുന്നു എന്ന് ട്രേഡ് മാർക്ക് നീക്കത്തിലൂടെ മനസിലാക്കാൻ സാധിക്കും. ഭാവിയിൽ സ്പോർട്സ് അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, ഉൽപ്പന്നങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവ ആരംഭിക്കുന്നതിനായി ധോണി നടത്തുന്ന നീക്കമായി ഈ ട്രേഡ് മാർക്ക് രജിസ്‌ട്രേഷനെ വിലയിരുത്തവരുന്നുണ്ട്.
ബൗദ്ധിക സ്വത്തവകാശ സംരക്ഷണം
ലോകമെമ്പാടുമുള്ള പ്രമുഖ കായിക താരങ്ങൾ തങ്ങളുടെ വിളിപ്പേരുകളും ബ്രാൻഡുകളും ട്രേഡ്മാർക്ക് ചെയ്യുന്നത് സാധാരണമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ “CR7”, മൈക്കിൾ ജോർദന്റെ “Jumpman” ലോഗോ എന്നിവയെല്ലാം ഇത്തരം ട്രേഡ്മാർക്കുകളാണ്. ഇത് ഒരു വ്യക്തിയുടെ പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായുണ്ടാകുന്ന ബൗദ്ധിക സ്വത്തവകാശത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ധോണിയുടെ ഈ നീക്കവും അതിന്റെ ഭാഗമാണ്.
ചുരുക്കി പറഞ്ഞാൽ, ധോണി തന്റെ “ക്യാപ്റ്റൻ കൂൾ” എന്ന വിളിപ്പേര് ട്രേഡ്മാർക്ക് ചെയ്തത് സ്വാർത്ഥതയുടെ ഭാഗമല്ല, മറിച്ച് ദീർഘവീക്ഷണത്തോടെയുള്ള ഒരു തീരുമാനമാണ്. ഇത് അദ്ദേഹത്തിന്റെ ബ്രാൻഡ് സംരക്ഷിക്കാനും, ഭാവിയിലെ വാണിജ്യപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും, തന്റെ ബൗദ്ധിക സ്വത്തവകാശം ഉറപ്പുവരുത്താനുമുള്ള നീക്കമാണ്.