ഐപിഎൽ 2025 ലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പർ ജയൻറ്സ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. എന്നാൽ പന്തിനേക്കാൾ പ്രതിഫല മൂല്യമുള്ള മറ്റൊരാൾ കൂടി ഐപിഎല്ലിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതും ഐപിഎൽ 2025 ൽ..വിശ്വസിച്ചേ മതിയാവൂ…
ഓസ്ട്രേലിയൻ താരം ജേക് ഫ്രേസർ മക്ഗുർക്കിനു പകരം ടീമിലെത്തിച്ച ബംഗ്ലാദേശ് ബൗളർ മുസ്താഫിസുർ റഹ്മാനാണ് ആ താരം. 6 കോടി രൂപയ്ക്കാണ് പകരക്കാരനായി താരത്തെ ഡൽഹി എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ചില എക്സ് ഹാൻഡിലുകളാണ് താരത്തിന്റെ പ്രതിഫലതുക പുറത്ത് വിട്ടത്. മലയാള മാധ്യമമായ മലയാള മനോരമയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മെഗാ താരലേലത്തിൽപ്പോലും ആരും ടീമിലെടുക്കാൻ തയാറാകാതിരുന്ന ബംഗ്ലദേശ് താരത്തിനായി ഡൽഹി മുടക്കിയ ‘ക്യാപിറ്റൽ’ 6 കോടി രൂപയാണ്. ഋഷഭ് പന്തിന്റെ ഓരോ മത്സരത്തിലെയും പ്രതിഫലം പരിശോധിക്കുകയാണ് എങ്കിൽ 1.93 കോടിയാണ് പന്തിന്ലഭിക്കുക. എന്നാൽ ലീഗ് ഘട്ടത്തിലെ 3 മത്സരങ്ങൾക്കായി മാത്രം ഡൽഹി 6 കോടി മുടക്കി ടീമിലെത്തിച്ച മുസ്താഫിസുറിന് ഒരു മത്സരത്തിന് പ്രതിഫലമായി ലഭിക്കുക 2 കോടി രൂപയാണ്.
ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ള വമ്പൻമാർ പകരക്കാരായെത്തി അദ്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഐപിഎലിൽ ഇത്രയധികം തുകയ്ക്കൊരു പകരക്കാരനെത്തുന്നത് ചരിത്രത്തിലാദ്യമായാണ്.
യുഎഇ പര്യടനത്തിനുള്ള ടീമിൽനിന്ന് ബംഗ്ലദേശ് മുസ്തഫിസുറിനെ ഐപിഎൽ കളിക്കാൻ വിടാത്തതും ആദ്യം വാർത്തയായിരുന്നു. ഒടുവിൽ, ലീഗ് ഘട്ടത്തിലെ 3 മത്സരങ്ങൾ കളിക്കാൻ 6 ദിവസത്തേക്ക് താരത്തിന് അനുമതി ലഭിക്കുകയായിരുന്നു.
