ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം വർധിക്കും. നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ചില അപ്‌ഡേറ്റുകൾ നൽകുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.
ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ചില അപ്‌ഡേറ്റുകൾ നൽകിയ ഗംഭീർ മലയാളി താരം കരുൺ നായരെ കുറിച്ചും സംസാരിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് 33 കാരന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടത്. ‘
‘കരുണിന്റെ വരവ് ആഭ്യന്തര താരങ്ങള്‍ക്ക് പ്രചോദനമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന എല്ലാ യുവാക്കള്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലാകും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ വാതിലുകള്‍ ഒരിക്കലും അടയ്ക്കില്ലെന്ന് പറഞ്ഞ ഗംഭീർ അദ്ദേഹത്തെ കൂടുതൽ മത്സരങ്ങളിൽ ഉപയോഗിക്കുമെന്ന് ഉറപ്പ് നൽകി.
”ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുംമെന്നും ഗംഭീർ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നുള്ള സൂചന കൂടിയായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയിൽ കരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വിര്‍ദഭയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കരുണ്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് 53.93 ശരാശരിയില്‍ 863 റണ്‍സ് നേടി. അതില്‍ നാല് സെഞ്ച്വറികളും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
