കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാൻസ്ഫർ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ബാഴ്സലോണ. നിക്കോ വില്യംസിനെയും മാർക്കസ് റാഷ്ഫോർഡിനെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ചിരവൈരികളായ റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോയെ സ്വന്തമാക്കാൻ ബാഴ്സലോണ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.
റയൽ മാഡ്രിഡ് താരം റോഡ്രിഗോയെ ടീമിലെത്തിക്കുന്നതിൽ ബാഴ്സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് അവരുടെ ഏജന്റുമാരെ അറിയിച്ചതായി ‘UOL Esporte’ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും, ഈ നീക്കം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യുന്നത് വളരെ അപൂർവമാണ്. ലൂയിസ് ഫിഗോ റയൽ മാഡ്രിഡിലേക്ക് പോയതിന് ശേഷം ഇത് കൂടുതൽ സങ്കീർണ്ണമായി. അതുകൊണ്ട് തന്നെ, ഈ കൈമാറ്റത്തിന് റയൽ മാഡ്രിഡ് തയാറാകുമോ എന്നത് കണ്ടറിയണം.
കഴിഞ്ഞ സീസണുകളിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനമാണ് റോഡ്രിഗോ കാഴ്ചവെച്ചത്. പ്രധാന മത്സരങ്ങളിൽ നിർണായക ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും ഉള്ള റയൽ മാഡ്രിഡ് ആക്രമണ നിരയിലെ ഒരു പ്രധാന കണ്ണിയാണ് റോഡ്രിഗോ. എന്നാൽ അവസരങ്ങൾ കുറവാണ് എന്നതാണ് പ്രധാന പ്രശ്‌നം
ഈ ട്രാൻസ്ഫർ സാധ്യതകൾ എത്രത്തോളം യാഥാർത്ഥ്യമാകും എന്ന് കണ്ടറിയണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്സലോണയ്ക്ക് ഇത്രയും വലിയൊരു ട്രാൻസ്ഫർ നടപ്പിലാക്കാൻ സാധിക്കുമോ എന്നതും ചോദ്യചിഹ്നമാണ്.
