രാജസ്ഥാൻ റോയൽസിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതോടെ പല അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രധാനമായും സഞ്ജു സാംസൺ- രാഹുൽ ദ്രാവിഡ് ശീത യുദ്ധം തന്നെയാണ് ഇതിന് പിന്നിൽ പറയപ്പെടുന്ന കാരണം.
ദ്രാവിഡിനു കീഴിൽ കഴിഞ്ഞ സീസണിൽ 14 ഐപിഎൽ മത്സരങ്ങൾ കളിച്ച രാജസ്ഥാൻ നാല് വിജയങ്ങൾ മാത്രമാണു നേടിയത്. എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്കു ടീം വീഴാൻ കാരണം ദ്രാവിഡിന്റെ ചില തന്ത്രങ്ങളാണെന്നു നേരത്തേ വിമർശനങ്ങളുയർന്നിരുന്നു. കഴിഞ്ഞ മെഗാതാരലേലത്തിനു മുൻപു തന്നെ 2025 ഐപിഎലിൽ രാജസ്ഥാന്റെ ‘അപകടക്കളി’ വിമർശിക്കപ്പെട്ടതാണ്.
ജോസ് ബട്‍ലറെപ്പോലുള്ള താരത്തെ നിലനിർത്താതെ ധ്രുവ് ജുറേൽ, റിയാൻ പരാഗ് തുടങ്ങിയ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയതായിരുന്നു രാജസ്ഥാന്റെ തന്ത്രം. ഈ തന്ത്രം കഴിഞ്ഞ സീസണിൽ പാടെപാളി. ഒപ്പം സഞ്ജു- ദ്രാവിഡ് ശീതയുദ്ധവും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സര ശേഷം രാജസ്ഥാൻ താരങ്ങളെല്ലാം ഗ്രൗണ്ടിൽ ഒരുമിച്ചു യോഗം ചേരുമ്പോഴും ക്യാപ്റ്റൻ സഞ്ജു മാറിനിന്നത് കഴിഞ്ഞ സീസണിൽ വൻ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ കൂടുമാറ്റ ചർച്ചകൾ ചൂട് പിടിക്കുന്നത്.
സഞ്ജു റോയൽസ് വിടാൻ താൽപര്യം കാണിച്ചതു പിന്നിൽ ദ്രാവിഡിന്റെ നയങ്ങളാണ് എന്നാണ് വിലയിരുത്തപെപ്പടുന്നത്. ഇരുവരും തമ്മിൽ ഒരു പരോക്ഷയുദ്ധം നിലനിന്നതായും അതിന് ക്ളൈമാക്സ് എന്ന രീതിയിലാണ് സഞ്ജുവിനെ നിലനിർത്താനായി റോയൽസ് ദ്രാവിഡിനെ കൈവിട്ടത് എന്നതുമാണ് ചർച്ചകൾ.
