2026 ലോകകപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കുകയാണ് (T20 World Cup 2026). ടൂർണമെന്റിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം എന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ ഈ നിലപാട്.
ബംഗ്ലാദേശ് തീരുമാനത്തിന് പിന്നിൽ..
ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യവും, അതേ തുടർന്ന് ഇന്ത്യയിൽ ഉടലെടുത്ത പ്രതിഷേധങ്ങളുമാണ് മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്നും ഒഴിവാക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്. ഇതോടെയാണ് ഇന്ത്യയിൽ കളിക്കില്ല എന്ന നിലപാട് ബംഗ്ലാദേശ് സ്വീകരിച്ചത്.
എന്നാൽ ഇന്ത്യയിൽ കളിക്കുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാപ്രശ്നങ്ങൾ മാത്രമല്ല ബംഗ്ലാദേശിനെ ഈ തീരുമാനത്തിൽ എത്തിച്ചത്, മറിച്ച് ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് ഈ തിരുമാനങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുക എന്നത് അത്ര എളുപ്പമല്ല. ഫിക്സറിൽ ഐസിസിയ്ക്ക് വലിയ മാറ്റങ്ങൾ വരുത്തണം. കൂടാതെ ബംഗ്ലാദേശിന്റെ എതിരാളികളായ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നിവരുടെ മത്സരക്രമങ്ങളും ഐസിസിയ്ക്ക് മാറ്റേണ്ടി വരും. അതിനാൽ ഈ വിഷയത്തിൽ ഐസിസി സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും? പരിശോധിക്കാം?
സുരക്ഷാ പ്രശ്നങ്ങൾ

സുരക്ഷാപ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ മത്സരം നടത്താൻ കഴിയില്ല എന്ന് ഐസിസിയ്ക്ക് ബോധ്യപ്പെട്ടാൽ മാത്രമേ, (ഇക്കാര്യത്തിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഐസിസി തേടും) ഐസിസി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയുള്ളു. എന്നാൽ മറിച്ച് സുരക്ഷാപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ബംഗ്ലാദേശിനോട് ഇന്ത്യയിൽ കളിയ്ക്കാൻ ഐസിസി ആവശ്യപ്പെടും. എന്നാൽ ഈ ആവശ്യം ബംഗ്ലാദേശ് നിരസിച്ചാൽ ഐസിസി ബംഗ്ലാദേശിനെ ഐസിസിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള സാധ്യതകളുണ്ട്. നേരത്തെ 2023 ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ കളിയ്ക്കാൻ വിസമ്മതിച്ചപ്പോൾ ഐസിസി സസ്പെൻഷൻ ഭീഷണി മുഴക്കിയിരുന്നു.
പകരം സ്കോട്ലാൻഡ്
ഇനി, ബംഗ്ലാദേശ് മത്സരിക്കാൻ വിസമ്മതിക്കുകയും, അല്ലെങ്കിൽ ടൂർണമെൻറിൽ കളിയ്ക്കാൻ താൽപര്യമില്ല എന്നറിയാച്ചാലോ ഐസിസി ഔദ്യോഗികമായി ബംഗ്ലാദേശിനെ സസ്പെൻഡ് ചെയ്യും. പകരം സ്കോട്ലൻഡിനെ ടി20 ലോകകപ്പിൽ ചേർക്കും.
ഐസിസി നിയമം അനുസരിച്ച് ഏതെങ്കിലും രാജ്യംഒരു ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ റാങ്കിങ്ങിൽ ഏറ്റവും ഉയർന്നതും ഈ ടൂർണമെന്റിൽ യോഗ്യത നേടാൻ കഴിയാതിരിക്കുകയും ചെയ്ത ടീമിനെ ഐസിസി ടൂർണമെന്റിൽ പങ്കെടുപ്പിക്കും. നിലവിലെ ആ സാഹചര്യത്തിൽ അത്തരത്തിലൊരു ടീം സ്കോട്ലാൻഡ് ആണ്. അതിനാൽ ബംഗ്ലാദേശ് പിന്മാറിയാൽ സ്കോട്ലൻഡിന് നറുക്ക് വീഴും.
ALSO READ: സഞ്ജു ഇനി ടി20 ലോകകപ്പിന്റെ മുഖം; അഭിമാനനേട്ടം
content: T20 World Cup 2026
