FootballSportsTransfer News

റൊണാൾഡോ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നു; പകരം ‘പുതിയ രാജാവിനെ’ ടീമിലെത്തിക്കാൻ അൽ- നസ്ർ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൗദി പ്രോ ലീഗ് വമ്പന്മാരായ അൽ-നസ്റും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ബന്ധം വേർപിരിയലിലേക്ക്..? (cristiano ronaldo news) സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച് റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

സൗദിയിലെ പ്രമുഖ ക്ലബ്ബുകളെ നിയന്ത്രിക്കുന്ന പി.ഐ.എഫ്, അൽ-നസ്റിനേക്കാൾ കൂടുതൽ പ്രാധാന്യം മറ്റ് ക്ലബ്ബുകൾക്ക് നൽകുന്നു എന്ന താരത്തിന്റെ പരാതിയാണ് വലിയ തർക്കങ്ങൾക്ക് വഴിമാറിയിരിക്കുന്നത്. പ്രത്യേകിച്ച്, അൽ-ഇത്തിഹാദിൽ നിന്ന് കരീം ബെൻസീമയെ അൽ-ഹിലാലിലേക്ക് എത്തിക്കാൻ പി.ഐ.എഫ് മുൻകൈ എടുത്തത് റൊണാൾഡോയെ ചൊടിപ്പിച്ചിട്ടുണ്ട്.

തന്റെ ടീമിനെ ശക്തിപ്പെടുത്താൻ വിന്റർ ട്രാൻസ്ഫറിൽ വേണ്ടത്ര ഇടപെടൽ മാനേജ്‌മെന്റ് നടത്തിയില്ല എന്നാരോപിച്ച് അൽ-നസ്റിന്റെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് താരം സ്വയം വിട്ടുനിന്നത് ഇതിനോടകം വലിയ വാർത്തയായിക്കഴിഞ്ഞു.

അൽ-നസ്ർ മാനേജ്‌മെന്റുമായുള്ള ബന്ധം വഷളായതോടെ മെയ് മാസത്തിൽ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് സൂചന.

പഴയതട്ടകത്തിലേക്ക് മടക്കം

41-ാം വയസ്സിലും മികച്ച ഫോമിലുള്ള റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. തന്റെ കരിയറിന് തുടക്കം കുറിച്ച ബാല്യകാല ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് താരം മടങ്ങുമെന്ന വാർത്തകൾക്കാണ് ഇപ്പോൾ കൂടുതൽ മുൻഗണന ലഭിക്കുന്നത്.

തന്റെ കരിയർ തുടങ്ങിയ ഇടത്തുതന്നെ അവസാനിപ്പിക്കുക എന്ന വൈകാരികമായ തീരുമാനത്തിലേക്ക് റൊണാൾഡോ എത്തിയേക്കാം. അതേസമയം, അമേരിക്കൻ ലീഗിൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയും റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച് കളിക്കുന്ന കാഴ്ച കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും റൊണാൾഡോയുടെ മുൻഗണന യൂറോപ്പിലെ പഴയ തട്ടകത്തിനാണ്.

cristiano ronaldo news

റൊണാൾഡോ ടീം വിടുകയാണെങ്കിൽ പകരം മറ്റൊരു ലോകോത്തര താരത്തെ എത്തിക്കാനാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നീക്കം.

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് എന്നിവരെയാണ് അൽ-നസ്ർ നോട്ടമിട്ടിരിക്കുന്നത്.

റൊണാൾഡോയ്ക്ക് പകരം ഒരു ‘പുതിയ രാജാവിനെ’ അടുത്ത സമ്മർ ട്രാൻസ്ഫറിൽ സൗദിയിലെത്തിക്കാനാണ് പദ്ധതി.

അറബ് ലോകത്ത് വലിയ സ്വീകാര്യതയുള്ള സലാ എത്തുകയാണെങ്കിൽ അത് ലീഗിന് കൂടുതൽ കരുത്ത് പകരുമെന്ന് അധികൃതർ വിശ്വസിക്കുന്നു.

റൊണാൾഡോയുടെ വിടവാങ്ങൽ ഉറപ്പായാൽ ഉടൻ തന്നെ ഈ വമ്പൻ ട്രാൻസ്ഫറുകൾക്കായുള്ള ചർച്ചകൾ ആരംഭിക്കാനാണ് സൗദി അധികൃതരുടെ തീരുമാനം.

റൊണാൾഡോയും അൽ-നസ്റും തമ്മിലുള്ള ഈ പോരാട്ടം വരും ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും.

ALSO READ: ഒരൊറ്റ ട്രാൻസ്ഫർ; ബ്ലാസ്റ്റേഴ്‌സ് ലാഭിച്ചത് 80 ലക്ഷം രൂപ

content: cristiano ronaldo news