കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം സീസണിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ അമിത് റാണയുടെ കീഴിൽ അവിസ്മരണീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് യുവനിര കാഴ്ചവെക്കുന്നത് (Kerala Blasters Reserves Amit Rana).
കഴിഞ്ഞ നാല് വർഷത്തോളമായി ടോമാസ് ചോർസ് നയിച്ചിരുന്ന റിസർവ് ടീമിന്റെയും യൂത്ത് ഡെവലപ്മെന്റിന്റെയും ചുമതല അദ്ദേഹം ക്ലബ്ബ് വിട്ടതോടെയാണ് അമിത് റാണയിലേക്ക് എത്തിയത്.
മുൻ ഒഡീഷ എഫ്സി റിസർവ് ടീം ഹെഡ് കോച്ചായിരുന്ന അമിത് റാണയെ ടീമിലെത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് അടിവരയിടുന്നതാണ് നിലവിലെ റിസേർവ് ടീമിന്റെ റിസൾട്ടുകൾ.

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (RFDL) അമിത് റാണയുടെ പരിശീലനത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ കുതിപ്പാണ് നടത്തുന്നത്.
നാഷണൽ ഗ്രൂപ്പ് സ്റ്റേജിലെ ഗ്രൂപ്പ് ബിയിൽ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയവും ഒരു സമനിലയും ഉൾപ്പെടെ 16 പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു.
നിലവിൽ 17 പോയിന്റുള്ള പഞ്ചാബ് എഫ്സിക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കരുത്തുറ്റ ടീമുകൾ മാറ്റുരയ്ക്കുന്ന ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സ് പുലർത്തുന്ന സ്ഥിരത ആരാധകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
നാഷണൽ ഗ്രൂപ്പ് സ്റ്റേജിലെ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ സാധിക്കുക.
നിലവിലെ പോയിന്റ് നിലയും ടീമിന്റെ ഫോമും കണക്കിലെടുക്കുമ്പോൾ നാഷണൽ ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യത ബ്ലാസ്റ്റേഴ്സ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
നാഷണൽ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്ന നാല് ടീമുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് വലിയൊരു അവസരമാണ് കാത്തിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബുകളുടെ യൂത്ത് ടീമുകളുമായി ഏറ്റുമുട്ടാൻ അവസരം ലഭിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റായ ‘നെക്സ്റ്റ് ജെൻ കപ്പിന്’ (Next Gen Cup) യോഗ്യത നേടാൻ ഈ മൂന്ന് ടീമുകൾക്ക് സാധിക്കും.
യുവതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരാനുഭവം നൽകുന്ന ഈ ടൂർണമെന്റിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് റിസർവ് ടീം മുന്നേറുന്നത്.
ടോമാസ് ചോർസിന്റെ കാലഘട്ടത്തിന് ശേഷം ടീമിനെ പുതിയൊരു ഉയരത്തിൽ എത്തിക്കാൻ അമിത് റാണയ്ക്ക് സാധിക്കുമെന്നാണ് ക്ലബ്ബ് അധികൃതരും കരുതുന്നത്.
ALSO READ: സഞ്ജുവും ഇഷാനും ഏകദിന ടീമിലേക്ക്; പകരം 3 സൂപ്പർ താരങ്ങൾ പുറത്തേക്ക്..
content: Kerala Blasters Reserves Amit Rana
