ഓസ്ട്രേലിയൻ പൗരത്വം പോലും മാറ്റിവെച്ച് ഇന്ത്യൻ ഫുട്ബോളിനായി (Indian Football) ബൂട്ട് കെട്ടിയ റയാൻ വില്യംസിന്റെ വരവ് രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയത്.
വിദേശത്ത് കളിക്കുന്ന ഇന്ത്യൻ വംശജരായ പ്രതിഭകളെ ദേശീയ ടീമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന് ഇത് വലിയൊരു തുടക്കമായി മാറി. എന്നാൽ റയാൻ വില്യംസ് മാത്രമല്ല, ഇനിയും മൂന്ന് ഇന്ത്യൻ വംശജരായ വിദേശ താരങ്ങൾ കൂടി ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരുങ്ങുന്നു എന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഖാലിദ് ജമീൽ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.റയാൻ വില്യംസിന്റെ പാത പിന്തുടർന്ന് മൂന്ന് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമെന്നും അതിനായുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകൻ ഈ കളിക്കാരുടെ പേരുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ജേഴ്സി അണിയാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആ മൂന്ന് യുവതാരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ഷാൻ ഹുണ്ടാൽ

ഇന്ത്യൻ വംശജരായ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച 26 പ്രൊഫഷണൽ ഫുട്ബോൾ താരമാണ് ഷാൻ ഹുണ്ടാൽ. നിലവിൽ അമേരിക്കൻ ക്ലബ്ബായ ബ്രൂക്ലിൻ ടീമിന് വേണ്ടിയാണ് ഈ യുവതാരം കളിക്കുന്നത്.
സെൻട്രൽ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരം നേരത്തെ കാനഡയുടെ അണ്ടർ 23 ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
ജോഷ്വ പൈനാദത്ത്

ഇന്ത്യൻ ടീമിലേക്ക് വരാൻ സാധ്യതയുള്ള മറ്റൊരു പ്രമുഖ താരമാണ് 24 കാരനായ ജോഷ്വ പൈനാദത്ത്. അമേരിക്കയിലാണ് ഇദ്ദേഹം ജനിച്ചതെങ്കിലും പിതാവ് ഇന്ത്യൻ വംശജനാണ്.
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, അയാക്സ് തുടങ്ങിയ ടീമുകളുടെ യൂത്ത് അക്കാദമികളിൽ കളിച്ച് പരിചയമുള്ള താരങ്ങളിൽ ഒരാളാണ് ജോഷ്വ.
നിലവിൽ നെതർലാൻഡിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് സി ഡോർഡ്രെക്റ്റിന് വേണ്ടിയാണ് ഈ വിങ്ങർ ബൂട്ട് കെട്ടുന്നത്. ഡച്ച് ഫുട്ബോൾ ഇതിഹാസമായ ഡിർക്ക് കുറ്റാണ് ഈ ടീമിന്റെ പരിശീലകൻ എന്നതും ശ്രദ്ധേയമാണ്.
അർജൻ റെയ്കി

ഇംഗ്ലണ്ടിലെ മികച്ച യൂത്ത് അക്കാദമികളിലൂടെ വളർന്നുവന്ന ഇരുപത്തിമൂന്നുകാരനായ അർജൻ റെയ്കിയാണ് ഈ പട്ടികയിലെ മൂന്നാമൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബുകളായ വെസ്റ്റ് ബ്രോംവിച്ച് ആൽബിയൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളുടെ ജൂനിയർ ടീമുകളിൽ കളിച്ച് മികച്ച പരിചയസമ്പത്തുള്ള മിഡ്ഫീൽഡറാണ് ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷ് ഫുട്ബോളിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബായ മോറെകാമ്പെ ടീമിന് വേണ്ടിയാണ് ഈ യുവതാരം കളിക്കുന്നത്.
മധ്യനിരയിൽ കളി നിയന്ത്രിക്കാനും പന്തുകൾ കൃത്യമായി വിതരണം ചെയ്യാനും മിടുക്കനായ ഇദ്ദേഹത്തിന്റെ വരവ് ഇന്ത്യൻ മധ്യനിരയുടെ ഭാവനയ്ക്ക് പുതിയ ഊർജ്ജം പകരും.
ALSO READ: ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാനൊരുങ്ങി 2 യുവതാരങ്ങൾ
English Summary : Indian Football is set for a massive boost as head coach Khalid Jamil hinted that three more overseas players of Indian origin are process-bound to join the national team, following in the footsteps of Ryan Williams to elevate the squad.
