കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ വീണ്ടും ആശങ്കയിലാഴ്ത്തി ക്ലബ്ബിന്റെ ഓഹരി കൈമാറ്റ ചർച്ചകളിൽ പുതിയ തിരിച്ചടി. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് അവരുടെ പൂർണ്ണ ഓഹരികളും വിറ്റൊഴിയാൻ തയാറെടുക്കുന്നതിനിടെയാണ് തിരിച്ചടിയായി പുതിയ സംഭവവികാസങ്ങൾ .
ക്ലബ്ബ് വാങ്ങാൻ പുതിയ നിക്ഷേപകർ രംഗത്തുണ്ടെങ്കിലും മാഗ്നം സ്പോർട്സുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളും കോടതി കേസുകളുമാണ് കൈമാറ്റം വൈകാൻ പ്രധാന കാരണമായി നിന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു അപ്രതീക്ഷിത കാര്യമാണ് കൈമാറ്റ ചർച്ചകളിൽ വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഐഎസ്എല്ലിൽ നടന്ന ഒരു വൻ നീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചത്. ചർച്ചിൽ ബ്രദേഴ്സ്, ജംഷഡ്പൂർ എഫ്സിയുടെ ഐഎസ്എൽ ലൈസൻസ് സ്വന്തമാക്കി ഐഎസ്എല്ലിലേക്ക് പ്രവേശനം നേടിയിരുന്നു.
കേവലം 100 രൂപയ്ക്കാണ് ജംഷഡ്പൂർ എഫ്സി തങ്ങളുടെ ലൈസൻസ് ചർച്ചിൽ ബ്രദേഴ്സിന് കൈമാറിയത്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ അപൂർവ്വ ലൈസൻസ് കൈമാറ്റ വാർത്ത പുറത്തുവിട്ടത്.
ചർച്ചിൽ ബ്രദേഴ്സിന്റെ ഈ തുച്ഛമായ ചെലവിലുള്ള ഐഎസ്എൽ പ്രവേശനം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ നിൽക്കുന്ന പുതിയ നിക്ഷേപകരുടെ ചിന്തകളെ സ്വാഭാവികമായും സ്വാധീനിച്ചിട്ടുണ്ട്.

കേവലം 100 രൂപ മുടക്കി ഒരു ക്ലബ്ബിന് ലീഗിൽ കളിക്കാൻ സാധിക്കുമ്പോൾ, എന്തിന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് മറ്റൊരു ക്ലബ്ബ് പൂർണ്ണമായി വാങ്ങണം എന്ന ചോദ്യമാണ് നിക്ഷേപകർക്കിടയിൽ ഉയരുന്നത്.
ഇത് ബ്ലാസ്റ്റേഴ്സിന്റെ മൂല്യനിർണ്ണയത്തെയും ചർച്ചകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
തുടക്കത്തിൽ 150 കോടി രൂപയാണ് മാഗ്നം സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ മൂല്യമായി കണക്കാക്കിയിരുന്നത്.
എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ നിക്ഷേപകരുടെ ആവശ്യപ്രകാരം തുക വലിയ തോതിൽ കുറയ്ക്കാൻ മാഗ്നം സ്പോർട്സ് തയാറായിരുന്നു.
തുകയിൽ ഇത്തരം അഡ്ജസ്റ്റുമെന്റുകൾ നടക്കുന്നതിനിടയിലാണ് ചർച്ചിൽ ബ്രദേഴ്സിന്റെ ഈ 100 രൂപ ലൈസൻസ് വാർത്ത പുറത്തുവരുന്നത്.
ഈ പുതിയ നീക്കം ചർച്ചകളിൽ നിഴൽ വീഴ്ത്തിയെങ്കിലും ആരാധകർക്ക് ആശ്വാസമായി ഒരു കാര്യമുണ്ട്.
പുതിയ നിക്ഷേപകർ ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുകയോ മറ്റ് വലിയ തടസ്സങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ല.
എങ്കിലും, നിലവിലെ സാഹചര്യത്തിൽ ക്ലബ്ബിന്റെ കൈമാറ്റ തുക ഇനിയും താഴേക്ക് കൊണ്ടുവരണമെന്ന ആവശ്യം പുതിയ നിക്ഷേപകരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം.
ALSO READ:
- ആശങ്കകൾക്കിടയിലും 2 ശുഭവാർത്തയുമായി ബ്ലാസ്റ്റേഴ്സ്: ആരാധകർക്ക് ആശ്വസിക്കാം
- ജംഷദ്പൂരിന് പിന്നാലെ മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ നിന്ന് പിന്മാറുന്നു
- ബ്ലാസ്റ്റേഴ്സ് ഇനി മലയാളികളുടെ കൈകളിൽ: പുതിയ ഉടമകളെ പറ്റിയുള്ള നിർണായക സൂചനകൾ പുറത്ത്
English Summary: Recent Kerala Blasters ownership transfer news indicates potential valuation hurdles for Magnum Sports. Churchill Brothers securing Jamshedpur FC’s ISL license for just ₹100 has led new investors to re-evaluate the deal. Despite delays and price adjustments, negotiations with potential buyers remain ongoing.
