FootballKBFCSports

‘മാഗ്നം’ പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതി പുതിയ ഉടമകൾ വീണ്ടും കൊണ്ട് വരുന്നു: ബ്ലാസ്റ്റേഴ്സിന് ഹാപ്പി ന്യൂസ്

മാഗ്നം സ്പോർട്സ് പാതി വഴിയിൽ ഉപേക്ഷിച്ച പദ്ധതി, ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ വീണ്ടും പൊടിതട്ടിയെടുക്കുന്നു.അതെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഒരു കാലത്ത് വനിതാ ടീമിന്റെ പ്രഖ്യാപനത്തെ വരവേറ്റത്. എന്നാൽ തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ആ പെൺപ്പട പിന്നീട് അപ്രതീക്ഷിതമായി കളം വിടുകയായിരുന്നു.

ക്ലബ്ബിന്റെ മുൻ ഉടമകളായ മാഗ്നം സ്പോർട്സ് നേരിട്ട സാമ്പത്തിക പ്രതിസന്ധികളും അന്ന് തിരിച്ചടിയായി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്ലബ്ബിന്റെ പുതിയ ഉടമകൾ വനിതാ ടീമിനെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ തിരിച്ചുവരവ് (Kerala Blasters Womens Team Comeback)

Kerala Blasters Womens Team
Kerala Blasters Womens Team

2022 ജൂലായ് ഒന്നിന് അന്നത്തെ ഉടമകളായ മാഗ്നം സ്പോർട്സ് ആണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിമൻസ് ടീം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.

തൊട്ടടുത്ത മാസം, അതായത് ജൂലൈ 25-ന് ആദ്യ പെൺപ്പടയെ അണിനിരത്തുകയും 2022-23 കേരളാ വിമൻസ് ലീഗിൽ ടീം പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അപൂർണ നർസാരിയെ പോലുള്ള പ്രമുഖ താരങ്ങളെ അന്ന് ക്ലബ്ബ് സ്വന്തമാക്കുകയുണ്ടായി.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എമിരേറ്റ്സ് സോക്കർ ക്ലബ്ബിനെ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് തകർത്തുകൊണ്ട് സ്വപ്നതുല്യമായ തുടക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ പെൺപ്പട കുറിച്ചത്. എന്നാൽ 2023-ൽ കാര്യങ്ങൾ മാറിമറിഞ്ഞു.

2022-23 ഐഎസ്എൽ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളം വിട്ടിറങ്ങിയതിനെ തുടർന്ന് എഐഎഫ്എഫ് ചുമത്തിയ ഭീമമായ പിഴ മാഗ്നത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാമ്പത്തിക ഞെരുക്കമാണ് അന്ന് വനിതാ ടീമിനെ പിരിച്ചുവിടാൻ മാഗ്നത്തെ നിർബന്ധിതരാക്കിയത്.

എന്നാൽ നിലവിൽ അൽ-ഫുർസാൻ ഗ്രൂപ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുത്തതോടെ ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും സജീവമാവുകയാണ്.

ക്ലബ്ബിന്റെ കൈമാറ്റത്തിൽ നിർണായക പങ്കുവഹിച്ച ബീർബൽ സ്പോർട്സ് സഹഉടമയാണ് ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിനെ തിരികെ എത്തിക്കാൻ പുതിയ ഉടമകൾക്ക് ആഗ്രഹമുണ്ടെന്നും ഭാവിയിൽ വിമൻസ് ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഔദ്യോഗികമായി വ്യക്തമാക്കിയത്.

ALSO READ:

English Summary: Kerala Blasters Womens Team is expected to make a thrilling return under new management after being previously disbanded due to financial struggles following AIFF penalties.