FootballIndian Super LeagueSports

ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക്? കാരണം സാമ്പത്തിക പ്രതിസന്ധി

ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

നിലവിൽ 13 ക്ലബ്ബുകളാണ് ഐഎസ്എല്ലിൽ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ- ലീഗിൽ നിന്നും പ്രൊമോഷൻ ലഭിച്ചെത്തിയ മൊഹമ്മദൻസ് എസ്സിയാണ് ലീഗിലെ പുതുമുഖക്കാർ. എന്നാൽ ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

പുതുമുഖക്കാരായ മൊഹമ്മദൻസ് എസ്സിയെ ഐഎസ്എല്ലിൽ നിന്നും പുറത്താക്കാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. മൊഹമ്മദൻസ് എസ്സിയുടെ നിക്ഷേപകർ പിന്മാറിയതിനെ തുടർന്ന് ക്ലബ്ബിലെ പല കളിക്കാർക്കും ശമ്പളം കൊടുക്കാൻ മാനേജ്‌മെന്റിന് സാധിച്ചിരുന്നില്ല.

ഇതേ തുടർന്ന് ചില താരങ്ങൾ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കളിക്കാരുടെ ശമ്പളം നൽകാത്തതിനെ തുടർന്ന് ഐഎസ്എൽ സംഘാടകരായ എഫ്‌എസ്‌ഡിഎൽ ക്ലബിന് ഒരു നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

2025 ഏപ്രിൽ 11 നകം ക്ലബ് ഈ നോട്ടീസിന് വിശദീകരണം നൽകണമെന്നും ഉടൻ കളിക്കാരുടെ പ്രതിഫലത്തിന്റെ പ്രശ്‌നം പരിഹരിക്കണമെന്നുമാണ്എഫ്എസ്ഡിഎൽ നൽകിയ നിർദേശം. അല്ലാത്ത പക്ഷം ക്ലബ്ബിനെ ഐഎസ്എല്ലിൽ നിന്നും പുറത്താക്കേണ്ട നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മൊഹമ്മദൻസ് ഉടൻ തീരുമാനം കണ്ടെത്തേണ്ടത്. ഉടൻ പുതിയ നിക്ഷേപകരെ കണ്ടെത്തിയില്ല എങ്കിൽ മൊഹമ്മദൻസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.