Footballindian super leagueSports

ഐഎസ്എല്ലിലേക്ക് പുതിയ ടീം; പ്രഖ്യാപിച്ച് AIFF

ലീഗ് ഡിസംബറിൽ ആരംഭിക്കുന്നതിനാൽ ലീഗ് പൂർത്തീകരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ പുതിയ ടീമുകൾ ഐഎസ്എല്ലിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.

അനിശ്ചിതങ്ങൾക്കൊടുവിൽ ഐഎസ്എൽ 2025-26 സീസൺ ഡിസംബറിൽ ആരംഭിക്കുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില സംശയങ്ങൾ ആരാധകരെ വേട്ടയാടിയിരുന്നു. ലീഗ് ഡിസംബറിൽ ആരംഭിക്കുന്നതിനാൽ ലീഗ് പൂർത്തീകരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ പുതിയ ടീമുകൾ ഐഎസ്എല്ലിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ടീമുകളുടെ എണ്ണം വർധിച്ചാൽ മത്സരങ്ങളും വർധിക്കും. കുറഞ്ഞ സമയത്തിനുള്ള കൂടുതൽ മത്സരങ്ങൾ പൂർത്തീകരിക്കാൻ കഴിയുമോ എന്നതാണ് ആശങ്ക.എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് എഐഎഫ്എഫ്.

പുതിയ സീസണിൽ പുതിയ ടീമായി കഴിഞ്ഞ സീസണിലെ ഐ-ലീഗ് (I-League) ചാമ്പ്യന്മാരായ ഇൻ്റർ കാശി (Inter Kashi) ഐഎസ്എൽ കളിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഐ- ലീഗ് ചാമ്പ്യന്മാർക്ക് ഐഎസ്എൽ പ്രവേശനം കൊടുക്കാറുണ്ട്. ഈ രീതിയിലാണ് ഇന്റർ കാശിയും ഐഎസ്എൽ കളിക്കാനെത്തുന്നത്.

ഐ.എസ്.എൽ പ്രവേശനം ഔദ്യോഗികമായി ഉറപ്പിച്ചെങ്കിലും, ഇൻ്റർ കാശിയ്ക്ക് ചില നിർബന്ധിത വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഐ.എസ്.എല്ലിലെ വലിയ സാമ്പത്തിക ചെലവുകൾ വഹിക്കാനുള്ള ശേഷി ക്ലബ്ബിനുണ്ടെന്ന് ഉറപ്പുവരുത്തണം.ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ, ഹോം ഗ്രൗണ്ട് സൗകര്യങ്ങൾ, യുവ അക്കാദമി ഘടനകൾ എന്നിവ സംബന്ധിച്ച സാങ്കേതിക ആവശ്യകതകൾ ക്ലബ്ബ് പൂർത്തിയാക്കണം.ഈ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ, മാത്രമേ ഇൻ്റർ കാശിയ്ക്ക് ഐഎസ്എൽ കളിക്കാനാവുകയുള്ളു.

ഫുട്ബോളിന് അത്രയധികം പ്രാധാന്യം നൽകാതിരുന്ന ഒരു സംസ്ഥാനത്തുനിന്നും ഒരു ക്ലബ് ഐ.എസ്.എല്ലിൽ എത്തുന്നത് വലിയ വഴിത്തിരിവാണ്. ഉത്തർപ്രദേശിൻ്റെ കായിക ഭൂപടത്തിൽ ഇൻ്റർ കാശിയുടെ ഈ നേട്ടം വലിയ ഉണർവ്വുണ്ടാക്കും.

അതേ സമയം, ഐ- ലീഗ് പ്രൊമോഷൻ വഴി ഐഎസ്എല്ലിൽ എത്തിയ ടീമുകൾക്ക് ഇത് വരെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയ്ക്ക് ഇന്റർ കാശി മാറ്റം വരുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

content: Inter Kashi ISL promotion confirmed by AIFF on Sporting Merit, becoming I-League Champions ISL team, a big Indian Football News related to ISL Promotion-Relegation.