കിരീടങ്ങൾ നേടാനോ, ആരാധക പ്രതീക്ഷ ഉയർത്താനോ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല എങ്കിലും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന്റെ മികവ് പ്രശംസനീയമാണ്. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. യുവതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ചനീക്കം നടത്തിയിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റിസർവ് ടീമിൻ്റെ പുതിയ പരിശീലകനായി അമിത് റാണയെ ചുമതലയേൽപ്പിച്ചിരിക്കുകയാണ്. 15 വർഷത്തിലധികം പരിശീലക പരിചയമുള്ള അമിത് റാണ, ഇന്ത്യൻ ഫുട്ബോളിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും വളർത്തുന്നതിലും വലിയ പങ്ക് വഹിച്ച ആളാണ്.
ഗ്രാസ്‌റൂട്ട് തലം മുതൽ പ്രൊഫഷണൽ ടീമുകൾ വരെ പരിശീലിപ്പിച്ചുള്ള പരിചയം അദ്ദേഹത്തിനുണ്ട്. ഈ അനുഭവസമ്പത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ മുതൽക്കൂട്ടാകും.
പുണെ യുണൈറ്റഡ് എഫ്.എ.യിലും പുണെ എഫ്.സി.യിലും അസിസ്റ്റൻ്റ് കോച്ചായി പ്രവർത്തിച്ചുകൊണ്ടാണ് അമിത് റാണ തൻ്റെ കരിയർ ആരംഭിക്കുന്നത്. എ.ഐ.എഫ്.എഫ്. സ്കൗട്ടായി പ്രവർത്തിച്ച അദ്ദേഹം, ഫിഫ-എ.ഐ.എഫ്.എഫ്. അക്കാദമിക്ക് വേണ്ടിയും കളിക്കാരെ കണ്ടെത്തിയിട്ടുണ്ട്.
4-3-3, 4-2-3-1 എന്നീ ഫോർമേഷനുകളാണ് അദ്ദേഹം കൂടുതലായി ഉപയോഗിക്കുന്നത്. ടീമിൻ്റെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കി കളിക്കാരെ കളിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് മികച്ച മുതൽക്കൂട്ടാകും അമിത് റാണയുടെ വരവ്.
