റൊണാൾഡോയുടെ വിരമിക്കലിന് ശേഷവും പോർച്ചുഗീസ് ഫുട്ബാളിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച റോണോയ്ക്ക് ഗംഭീര യാത്രയയപ്പ് നൽകാൻ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പദ്ധതിയിടുന്നുണ്ട്.
ദേശീയ ടീം പരിശീലകൻ ഹോർഹെ ജെസ്യൂസുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് ടീം ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോയ്ക്ക് ഫെഡറേഷൻ മുൻപ് വിലക്കും പിഴയും ചുമത്തിയിരുന്നു.
തന്നെ വിലക്കിയ ഫെഡറേഷന് കീഴിൽ ഇനി ഒരു മത്സരത്തിവുമില്ലെന്ന ഉറച്ച നിലപാടിലാണ് താരം.വിടപറയൽ മത്സരം പോലും താൻ ആഗ്രഹിക്കുന്നില്ലെന്ന് ക്രിസ്റ്റ്യാനോ തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചിരുന്നു.
എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ് പോർച്ചുഗൽ സർക്കാർ. പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ താരവുമായി അനുനയ ചർച്ചകൾ പുരോഗമിക്കുകയാണ്.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും അനുനയ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
എന്തു വിട്ടുവീഴ്ച ചെയ്തും റൊണാൾഡോയുമായുള്ള പ്രശ്നങ്ങൾ തീർക്കാനാണ് സർക്കാരും ഫെഡറേഷനും ആഗ്രഹിക്കുന്നത്. സർക്കാരിന്റെയും ഫെഡറേഷന്റെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന്, ചില ഉപാധികളോടെ വിടപറയൽ മത്സരത്തിന് ഇറങ്ങാൻ ക്രിസ്റ്റ്യാനോ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ നിലവിലെ പരിശീലകൻ ഹോർഹെ ജെസ്യൂസിനു കീഴിൽ കളിക്കാൻ തയ്യാറല്ലെന്ന കടുത്ത നിബന്ധനയാണ് താരം മുന്നോട്ടുവെച്ചിരിക്കുന്നത്.
തന്റെ വിടപറയൽ മത്സരത്തിൽ പരിശീലകനായി മുൻ പരിശീലകൻ ലൂയി ഫിലിപ്പ് സ്കൊളാരി വേണമെന്നാണ് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരിക്കുന്നത്.
2003ൽ പോർച്ചുഗൽ ദേശീയ ടീമിൽ റോണോ അരങ്ങേറ്റം കുറിക്കുമ്പോൾ ജഴ്സി കൈമാറിയ സ്കൊളാരി തന്നെ തന്റെ അവസാന മത്സരത്തിലും കോച്ചാകണമെന്നാണ് താരത്തിന്റെ ആഗ്രഹം.
നിലവിലെ കോച്ച് ഹോർഹെയോടുള്ള തന്റെ കടുത്ത അമർഷം കൂടിയാണ് ഈ ആവശ്യത്തിലൂടെ ക്രിസ്റ്റ്യാനോ പ്രകടിപ്പിക്കുന്നത്.
സ്കൊളാരി നിലവിൽ മറ്റൊരു ടീമിനെ പരിശീലിപ്പിക്കുന്നില്ലെങ്കിൽ ഒരൊറ്റ മത്സരത്തിനായി താരത്തെ പോർച്ചുഗീസ് പരിശീലകനാക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. ഇതിന് നിലവിലെ പരിശീലകൻ ഹോർഹെ ജെസ്യൂസ് തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
ലോകകപ്പിന് ശേഷം റോബർട്ടോ മാർട്ടിനെസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ഹോർഹെ ജെസ്യൂസിനെ ദേശീയ ടീമിന്റെ പരിശീലകനാക്കാൻ മുൻകൈ എടുത്തത് ക്രിസ്റ്റ്യാനോ ആയിരുന്നു. സൗദി ക്ലബ്ബായ അൽ നസറിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ച പരിചയസമ്പത്താണ് ഇതിന് കാരണം. എന്നാൽ പുതിയ പരിശീലകന്റെ തന്ത്രങ്ങളിൽ നിന്ന് സൂപ്പർതാരം ക്രമേണ തഴയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
നോർവെയ്ക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോയെ പകരക്കാരനായി പോലും ഗ്രൗണ്ടിലിറക്കാൻ ഹോർഹെ തയ്യാറായില്ല. ഇതാണ് താരത്തെ വിരമിക്കലിലേക്ക് നയിച്ചത്.
ALSO READ:
- ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ വീണ്ടും പരിക്ക്: പരിക്കേൽക്കുന്ന മൂന്നാമത്തെ താരം
- ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം
- നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ
English Summary: Following the news that cristiano ronaldo retired amid disputes with coach Jorge Jesus, Portugal is negotiating a farewell match while the star demands former coach Scolari’s return.
