കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ഇന്ത്യ നിലവിൽ കളിച്ച് കൊണ്ടിരിക്കുന്നത്. രണ്ട് സീനിയർ താരങ്ങളില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ അനുഭവസമ്പത്തുള്ള സീനിയർ താരമാണ് ജസ്പ്രീത് ബുംറ. അതിന്റെ മികവും അദ്ദേഹം കാണിക്കുന്നുണ്ട്.
ഇപ്പോൾ ബുംറയെ പറ്റി സുപ്രധാനമായ അഭിപ്രായം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഒരു ടീമിന്‍റെ ഭാരം മുഴുവന്‍ ബുമ്രയുടെ ചുമലുകളിലാണ്. ഇങ്ങനെ എറിഞ്ഞു തളര്‍ന്നാല്‍ ബുമ്രക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഓസ്ട്രേലിയയില്‍ സംഭവിച്ചത് അതാണെന്നും കാർത്തിക്ക് ചൂണ്ടിക്കാട്ടി.
ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്.- കാർത്തിക്ക് പറഞ്ഞു.
സമ്മര്‍ദ്ദത്തിലാവുമ്പോഴും വിക്കറ്റ് വീഴ്ത്തേണ്ടപ്പോഴുമെല്ലാം ക്യാപ്റ്റൻ ബുമ്രയെ ആണ് പന്തെറിയാന്‍ വിളിക്കുന്നത്. അതൊരു ശീലമാക്കരുത്. മറ്റ് ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരണമെന്നും കാർത്തിക് പറഞ്ഞു.
അതേ സമയം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത് ബുംറയാണ്. ഫീൽഡർമാർ ക്യാച്ചുകൾ കളഞ്ഞില്ലായിരുന്നെങ്കിൽ ഇത് കൂടിയേനെ. 24 ഓവറുകളാണ് ബുംറ ആദ്യ ഇന്നിങ്സിൽ എറിഞ്ഞത്.