ഐപിഎൽ സീസൺ പുരോഗമിക്കുകയാണ്. പല ടീമുകളുടെ കുതിപ്പും കിതപ്പും ഇതിനോടകം ആരാധകർ കണ്ടു. ഇതിനിടയിൽ മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
പഞ്ചാബ് കിംഗ്സിന്റെ ഗ്ലെൻ മാക്സ്വെൽ, റോയൽ ചല്ലഞ്ചേഴ്സ് ബംഗളുരുവിന്റെ ലിയാം ലിവിങ്സ്റ്റൻ എന്നിവർക്കെതിരെയാണ് വീരുവിന്റെ വിമർശനം. ഇരുവർക്കും ഐപിഎൽ കിരീടം വിജയിക്കണമെന്ന് ഒരു താൽപര്യവുമില്ലെന്ന് സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘അവർക്കു സ്കോർ കണ്ടെത്താനുള്ള താൽപര്യമൊന്നുമില്ല. മാക്സ്വെല്ലും ലിവിങ്സ്റ്റനും അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി ഐപിഎലിനു വന്നതുപോലെയാണ്. ടീമിനോട് ഒരു താൽപര്യവും ഇവർക്കുണ്ടാകില്ല. ടീമിനു വേണ്ടി നന്നായി കളിക്കണമെന്നോ, കിരീടമുയര്ത്തണമെന്നോ ഇല്ല. വെറുതെ കളിക്കുന്നു.’’- സേവാഗ് പ്രതികരിച്ചു.
‘‘ഡേവിഡ് വാർണർ, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മഗ്രോ എന്നിവരെല്ലാം ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. ഞാൻ കളിച്ചിരുന്നപ്പോൾ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിന് മഗ്രോ എന്നോടു ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്നു താരങ്ങള്‍ക്കു പുറമേ ഒരുപാടു വിദേശ താരകൾ ഐപിഎലിലേക്കു വരികയും പോകുകയും ചെയ്തു. ഐപിഎൽ പ്ലേ ഓഫിലൊക്കെ തോറ്റാലും ചില വിദേശ താരങ്ങൾക്ക് പാർട്ടി വേണം. അവിടെ ഇന്ത്യന്‍ താരങ്ങൾ മാത്രമായിരിക്കും സങ്കടപ്പെട്ട് ഇരിക്കുന്നത്. ഇക്കാര്യം ഞാൻ ടീമുടമകളോടും പറഞ്ഞിട്ടുള്ളതാണെന്നും സേവാഗ് വ്യക്തമാക്കി.
അതേ സമയം, മോശം ഫോമിനെ തുടർന്ന് പഞ്ചാബ് കിങ്സ് താരം മാക്സ്വെല്ലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലിവിങ്സ്റ്റണും പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്നു.