യുഎഇ ആസ്ഥാനമായ അൽ-ഫുർസാൻ ഗ്രൂപ്പ് കേരളാ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തതോടെ കേരള ഫുട്ബോളിന്റെ ആഭ്യന്തര രംഗത്തും വൻ മാറ്റങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.
ഷെയ്ഖ് അഹമ്മദ് ബിൻ അൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള അൽ-ഫുർസാൻ ഗ്രൂപ്പിന്റെ കടന്നുവരവ് കേരളത്തിന്റെ കായിക ഭരണസമിതികളുമായുള്ള ബന്ധത്തിലും പുതിയൊരു അധ്യായം തുറക്കുകയാണ്.
കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി തെലങ്കാന ആസ്ഥാനമായ മാഗ്നം സ്പോർട്സിന്റെ കീഴിലായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രവർത്തിച്ചിരുന്നത്. ആ കാലയളവിലൊന്നും ക്ലബ്ബിനോട് വലിയ അനുഭാവമനോഭാവം പ്രകടിപ്പിക്കാതിരുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ (KFA), പുതിയ അറബ് ഉടമകൾ ചുമതലയേറ്റതോടെ ബ്ലാസ്റ്റേഴ്സുമായി സഹകരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നതാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഉടമസ്ഥാവകാശ കൈമാറ്റ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കെഎഫ്എ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ക്ലബ്ബിനെ അൽ-ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച അസോസിയേഷൻ, ക്ലബ്ബിന് വരാനിരിക്കുന്ന സീസണുകളിലേക്ക് ആശംസകളും നേർന്നു.
വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരളാ ഫുട്ബോൾ ഭരണസമിതിയും തമ്മിൽ നിലനിന്നിരുന്ന തണുപ്പൻ മനോഭാവത്തിന് ഇതോടെ അയവ് വന്നിരിക്കുകയാണ്.
മാഗ്നം ബ്ലാസ്റ്റേഴ്സിന്റെ നയിച്ചിരുന്ന സമയത്ത് ഇരു കൂട്ടരും തമ്മിൽ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. എന്നാൽ പുതിയ അറബ് നിക്ഷേപകരുടെ സാന്നിധ്യം ഈ അകൽച്ച ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കേരളത്തിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള പ്രീമിയർ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സുമായി സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ കൈകോർക്കുന്നത് ഇരുകൂട്ടർക്കും ഒരുപോലെ ഗുണകരമാണ്.
അൽ-ഫുർസാൻ ഗ്രൂപ്പിന്റെ സാമ്പത്തിക ശേഷി ഉപയോഗിച്ച് കേരളത്തിൽ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ അക്കാദമികളും ട്രെയിനിങ് സെന്ററുകളും സ്ഥാപിക്കാൻ ഇതിലൂടെ വഴിതുറന്നേക്കാം.
കേരളത്തിൽ നിന്നുള്ള യുവതാരങ്ങളെ വളർത്തിയെടുക്കാനും, പ്രാദേശിക പ്രതിഭകൾക്ക് വലിയ വേദികളിലേക്ക് വഴികാട്ടാനും കെഎഫ്എയുടെയും ബ്ലാസ്റ്റേഴ്സിന്റെയും ഈ പുതിയ ഐക്യം നിർണായക പങ്കുവഹിക്കും.
ALSO READ: ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ മത്സരം പോലും കളിക്കാതെ ക്ലബ് വിട്ട 5 പ്രമുഖർ ഇതാ….
English Summary: The acquisition of Kerala Blasters by UAE based Al-Fursan Group, led by Sheikh Ahmed Bin Al Faisal, has reshaped Kerala football. The Kerala Football Association (KFA) warmly welcomed the new owners, ending years of strain with former owner Magnum Sports, paving the way for better infrastructure and grassroots football development.
