സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനോട് തോറ്റ് കൊണ്ടാരംഭിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. 11 റൺസിനായിരുന്നു ഗുജറാത്തിന്റെ തോൽവി. തോൽവിയ്ക്ക് പിന്നാലെ തോൽവിയുടെ കാരണങ്ങളും ചർച്ചയാവുകയാണ്. പ്രധാനമായും ഒരു താരത്തെ ഗിൽ ടീമിൽ ഉൾപ്പെടുത്താതാണ് പ്രധാന കാരണമായി ഉന്നയിക്കപ്പെടുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്പിനെ ഉപയോഗിച്ചിരുന്നെങ്കിൽ ഗുജറാത്തിന് വിജയസാധ്യത ഉണ്ടാവുമായിരുന്നെന്നാണ് പ്രധാന അഭിപ്രായം. ജോസ് ബട്ലർ, റാഷിദ് ഖാൻ, റബാഡ എന്നീ 3 വിദേശ താരങ്ങളെ അണിനിരത്തിയാണ് ഗുജറാത്ത് ആദ്യം ബൗൾ ചെയ്തത്. ഗ്ലെൻ ഫിലിപ്പ് ടീമിലില്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.
താരം ഗുജറാത്തിന്റെ ബാറ്റിംഗ് ഇന്നിങ്സിൽ ഇമ്പാക്ട് പ്ലയെറായെത്തുമെന്ന് കരുതിയെങ്കിലും അവിടെയും തെറ്റി.വെസ്റ്റ് ഇൻഡീസ് താരം ഷറഫാനെ റുഥർഫോർഡിനെയാണ് ഗുജറാത്ത് ഇമ്പാക്റ്റ് പ്ലേയർ ആയി ഇറക്കിയത്. 28 പന്തിൽ 46 റൺസ് നേടിയെങ്കിലും അവസാന ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ റുഥർഫോർഡ് പരാജയപെട്ടു. ഓഫ്‌സൈഡിലെത്തുന്ന പന്തുകൾക്ക് മുന്നിൽ പരാജയപ്പെട്ട താരത്തിന് മുന്നിൽ വൈശാഖ് വിജയകുമാർ ആ തന്ത്രം നന്നായി നടപ്പിലാക്കുകയും ചെയ്തു.
എന്നാൽ റുഥർഫോർഡിന് പകരം ഗ്ലെൻ ഫിലിപ്പിനെ ഇറക്കിയിരിക്കുന്നെങ്കിൽ ഗുജറാത്തിന് വിജയസാധ്യത ഉണ്ടാവുമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നെങ്കിൽ പോലും ഗുജറാത്തിന് അത് ഗുണകരമാവുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഒരു മികച്ച ഫീൽഡറായ ഫിലിപ്പ് 10 മുതൽ 20 വരെ റൺസുകൾ തന്റെ ഫീൽഡിങ് മികവിലൂടെ സേവ് ചെയ്യുമായിരുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. കൂടാതെ നിർണായക സമയങ്ങളിൽ വിക്കറ്റെടുക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം.