എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിന് ശേഷം മൂന്നാം മത്സരത്തിന്റെ മുന്നൊരുക്കത്തെ പറ്റി വ്യകത്മാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ലോർഡ്‌സ് ടെസ്റ്റിനായി ടീമിലേക്ക് തിരിച്ചെത്തുമെന്നശുഭ വാർത്തയാണ് ശുഭ്മാൻ ഗിൽ പങ്ക് വെച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കളിച്ച ബുംറയ്ക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ കഴിയാതിരുന്ന പ്രസീദ് കൃഷ്ണയ്ക്ക് പകരമായിരിക്കും ബുംറ ലോർഡ്‌സിൽ കളിക്കുക എന്നാണ് സൂചന. ടീം മാനേജ്‌മെന്റിന്റെ തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലോർഡ്‌സിൽ നടക്കുന്നത് പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ്. ഈ നിർണായക മത്സരത്തിൽ ബുംറയുടെ സാന്നിധ്യം ഇന്ത്യൻ പേസ് ആക്രമണത്തിന് വലിയ ഊർജ്ജം നൽകും. ലോർഡ്‌സിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ അദ്ദേഹത്തിന്റെ വേഗതയും കൃത്യതയും സ്വിംഗും എതിർ ടീമിന് വലിയ വെല്ലുവിളിയാകും.
വിദേശ പിച്ചുകളിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ, ബുംറയുടെ പ്രകടനം എപ്പോഴും നിർണായകമാണ്. നിർണായക വിക്കറ്റുകൾ നേടാനും സമ്മർദ്ദ ഘട്ടങ്ങളിൽ തിളങ്ങാനും അദ്ദേഹത്തിന് കഴിയും.
ബുംറയുടെ മടങ്ങിവരവ് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും, ലോർഡ്‌സ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിനെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.