ഇന്ത്യൻ ഫുട്ബോളിൽ ക്ലബ്ബുകളുടെ വളർച്ചയേക്കാൾ തളർച്ചകളാണ് ആരാധകർ കണ്ടിട്ടുള്ളത്. മഹീന്ദ്ര യുണൈറ്റഡ്, ജെ.സി.ടി, പുണെ സിറ്റി എഫ്സി, ഡി.എസ്.കെ. ശിവാജിയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന ക്ലബ്ബുകളിൽ ചിലതാണ്. ഇപ്പോഴിതാ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ ക്ലബ്ബുകളിലൊന്നായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബ് (Mohammedan SC) സാമ്പത്തിക പ്രതിസന്ധി കാരണം പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഈ ആഴ്ച നടക്കുന്ന പത്രസമ്മേളനത്തിൽ ക്ലബ്ബ് ഒഫീഷ്യൽസ് രാജി സമർപ്പിക്കുമെന്നും തുടർന്ന് ക്ലബ്ബ് അടച്ചുപൂട്ടുമെന്നുമാണ് ലഭിക്കുന്ന വിവരം.
ഈ സീസണിൽ ഒരു നിക്ഷേപകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതാണ് ക്ലബ്ബിന് തിരിച്ചടിയായത്. ‘ടെക്നോ ഇന്ത്യ ഗ്രൂപ്പു’മായി (Techno India Group) ക്ലബ്ബ് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെ മുഹമ്മദൻ എസ്.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെയാണ് ക്ലബ് പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ക്ലബ് അടച്ച് പൂട്ടിയാൽ ഇത്തവണ ഐഎസ്എല്ലിന് മുഹമ്മദൻസ് ഉണ്ടാവില്ല.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും പ്രമുഖവുമായ ക്ലബ്ബുകളിലൊന്നാണ് മുഹമ്മദൻ എസ്.സി. ഈ ക്ലബ്ബിൻ്റെ പ്രവർത്തനം നിലയ്ക്കുന്നത് കൊൽക്കത്തൻ ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോൾ രംഗത്തിനും വലിയ തിരിച്ചടിയാകും.
കൊൽക്കത്തൻ ഫുട്ബോൾ ക്ലബ്ബുകൾ പ്രതിസന്ധികൾ നേരിടുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു നീക്കം മുഹമ്മദൻസിന്റെ കാര്യത്തിൽ ഉണ്ടാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
ISL club ceases operations due to financial crisis
