ഐഎസ്എൽ 2026- 27 സീസൺ ആരംഭിക്കാനിരിക്കെ പുതിയൊരു ടീം കൂടി ലീഗിലുണ്ടാവാനുള്ള സാധ്യതകൂടി ഇപ്പോൾ തെളിഞ്ഞ് വരികയാണ്.

ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ലെജസി ക്ലബ്ബുകളിലൊന്നായ ചർച്ചിൽ ബ്രദേഴ്സിനെ പുതിയ സീസണിൽ ഐഎസ്എല്ലിന്റെ ഭാഗമാക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1988-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്.
കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ തന്നെ ചർച്ചിലിനെ ഐഎസ്എല്ലിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും, സീസൺ പകുതിയായതിനെ തുടർന്ന് മറ്റ് ക്ലബ്ബുകൾ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.
എന്നാൽ ഈ തിരിച്ചടിക്ക് ശേഷവും ഡയറക്ട് എൻട്രി വഴി ടോപ്പ് ലീഗിലേക്ക് എത്താനുള്ള ശ്രമങ്ങൾ ചർച്ചിൽ ഉപേക്ഷിച്ചിട്ടില്ല.
നിലവിൽ മറ്റ് പല ക്ലബ്ബുകളും ചർച്ചിലിന്റെ വരവിനോട് പൂർണ്ണമായി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സാധ്യതകൾ ഇനിയും മങ്ങിയിട്ടില്ല.
ഐഎസ്എല്ലിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ജംഷഡ്പൂർ എഫ്സി ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയതാണ് കാര്യങ്ങൾ കൂടുതൽ കൗതുകകരമാക്കുന്നത്.
ജംഷഡ്പൂരിന്റെ പിന്മാറ്റത്തോടെ ഒഴിവുവരുന്ന സ്ഥാനത്തേക്ക് ചർച്ചിൽ ബ്രദേഴ്സിന് ഡയറക്ട് എൻട്രി നൽകാനുള്ള സാധ്യതകൾ ഫെഡറേഷൻ ഗൗരവമായിത്തന്നെ പരിശോധിക്കുന്നുണ്ട്.
നീണ്ട ചരിത്രവും വലിയ ആരാധക പിന്തുണയുമുള്ള ഒരു ക്ലബ്ബ് വരുന്നതും ലീഗിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് സംഘടകർ.
നേരത്തെ സാങ്കേതിക തടസ്സങ്ങൾ കൊണ്ട് വിരൽത്തുമ്പിൽ നിന്ന് നഷ്ടമായ ഐഎസ്എൽ സ്വപ്നം തിരിച്ചുപിടിക്കാനുള്ള പോരാട്ടം കൂടിയാണിത്. 2024-25 സീസണിലെ ഐ- ലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്ക് യോഗ്യത നേടേണ്ട ടീമായിരുന്നു ചർച്ചിൽ. എന്നാൽ ചാമ്പ്യൻ പട്ടത്തിനെതിരെ ഇന്റർ കാശി അന്താരാഷ്ട്ര കായിക കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തതോടെ ചർച്ചിലിന് ചാമ്പ്യൻ പട്ടത്തിനൊപ്പം ഐഎസ്എൽ പ്രവേശനം കൂടെ നഷ്ടപ്പെടുകയായിരുന്നു.
അതേ സമയം, കഴിഞ്ഞ സീസണിൽ വലിയ തിരിച്ചടി നേരിട്ട മൊഹമ്മദൻസ് എസ്സി റിലഗേഷൻ ഭീഷണിയിൽ ഐ-ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ കഴിഞ്ഞ സീസണിലെ ഐ- ലീഗ് ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബർ എഫ്സി വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഏതായാലും അടുത്ത ഐഎസ്എൽ സീസണിൽ ചർച്ചിൽ ബ്രദേഴ്സ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കൂടാതെ ജംഷഡ്പൂർ എഫ്സിയുടെ തീരുമാനത്തിലും ആരാധകർ കണ്ണ് നട്ടിരിക്കുകയാണ്. ഐഎസ്എല്ലിൽ നിന്നും പിന്മാറാനുള്ള നീക്കം ടാറ്റ ഗ്രൂപ്പ് ഉപേക്ഷിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
സുനിൽ ഛേത്രി അടക്കമുള്ള പ്രമുഖ താരങ്ങളും ആരാധക കൂട്ടായ്മയും ടാറ്റ ഗ്രൂപ്പ് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളിൽ മലബാറിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പും: ക്ലബ്ബിന്റെ ആസ്ഥാനം മാറ്റാൻ ആലോചന
- വിനിഷ്യസും എൻഡ്രിക്കുമൊക്കെ ഇന്ത്യക്കെതിരെ കളിക്കുമോ? മറുപടിയുമായി ആൻസിലോട്ടി
- ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകളായി, ഇനി സൈനിംഗുകൾ: 2 പേർ ടീമിൽ തുടരും
English Summary: AIFF is working to secure a direct Churchill Brothers ISL entry for the upcoming 2026-27 season. With Jamshedpur FC’s withdrawal and Diamond Harbour FC’s promotion, the legacy Goan club could soon join the top tier of Indian football.
