കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ് ‘ബി’ ടീമിനായി കളിക്കുകയും എന്നാൽ സീനിയർ ടീമിലേക്ക് പരിഗണിക്കാതെ അവഗണിക്കുകയും ചെയ്ത മലയാളി താരം ജിതിൻ എംഎസിനെയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നത്.

നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായ ജിതിന് ഈ വർഷം മെയ് അവസാനത്തിലാണ് ക്ലബ്ബുമായി കരാർ അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ക്ലബ് വിട്ട രാഹുൽ കെപിയ്ക്ക് പകരക്കാരനായാണ് ജിതിനെ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ജിതിനെ മാത്രമല്ല, മുംബൈ സിറ്റി എഫ്സിയുടെ ബിപിൻ സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് രാഹുലിന്റെ പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇരുവരും ഈ സീസൺ അവസാനം ഫ്രീ ഏജെന്റ്റ് ആവുന്ന താരങ്ങളാണ്.

അതേ സമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യുറാൻഡ് കപ്പിലടക്കം മികച്ച പ്രകടനമാണ് ജിതിൻ നടത്തുന്നത്. ഐഎസ്എല്ലിൽ ഈ സീസണിൽ 16 മത്സരങ്ങളിൽ അഞ്ച് അസിസ്റ്റുകളാണ് താരം നേടിയത്. കഴിഞ്ഞ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ 6 മത്സരങ്ങളിൽ നിന്നും 4 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്.