ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരമാണ് മലയാളി താരവും ഗോൾകീപ്പറുമായ സച്ചിൻ സുരേഷ്. സച്ചിൻ പല മത്സരങ്ങളിലും കാണിച്ച പിഴവ് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ സച്ചിനുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.
പിഴവുകളുടെ ആശാൻ എന്ന് ആരാധകർ വിശേഷിപ്പിച്ച സച്ചിൻ പുതിയ ക്ലബ് അന്വേഷിക്കുകയാണ് എന്നാണ് റിപ്പോർട്ട്. താരം മറ്റു ക്ലബ്ബുകളുമായി ചർച്ചകൾ ആരംഭിച്ചതായി ഫുട്ബോൾ എക്സ്ക്ലൂസിവ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2026 വരെ സച്ചിന് ബ്ലാസ്റ്റേഴ്സിന് കരാറുണ്ടെങ്കിലും അതിന് മുമ്പേ താരത്തെ ഓഫ്ലോഡ് ചെയ്യാനാണ് ക്ലബ്ബിന്റെ നീക്കം. കൂടാതെ നോറ ഫെർണാണ്ടസ് മികച്ച പ്രകടനം നടത്തിയതും അടുത്ത സീസണിൽ ബഗാൻ ഗോൾകീപ്പർ അർശ് ഷെയ്ഖ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നതും സച്ചിനെ ഓഫ്ലോഡ് ചെയ്യാൻ ബ്ലാസ്‌റ്റേഴ്‌സിനെ നിർബന്ധിപ്പിക്കുന്ന ഘടകമാണ്.
2020 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ സച്ചിൻ 2021 ലാണ് സീനിയർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ സീസണിലാണ് താരം അരങ്ങേറ്റം നടത്തുന്നതും. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 46 മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓഫ്ലോഡ് ചെയുകയും താരം പുതിയ ക്ലബ് അന്വേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത സീസണിൽ സച്ചിൻ ബ്ലാസ്റ്റേഴ്സിലുണ്ടാവില്ലെന്ന് ഉറപ്പാണ്.