നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകരിൽ ഒരാളായ തോമസ് ചോഴ്സ് അടുത്ത സീസണിൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ചകൾ നടന്നെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മുഖ്യപരിശീലകസ്ഥാനം ആഗ്രഹിക്കുന്ന തോമസ്, ഹൈദരാബാദിന്റെ ഓഫർ സ്വീകരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ തോമസ് ഹൈദരാബാദിലേക്ക് പോകുകയാണ് എങ്കിൽ അത് ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയാണ്. എങ്ങനെയെന്നല്ലേ…
കഴിഞ്ഞ അഞ്ചുവർഷമായി ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെയും യൂത്ത് ടീമിനെയും പരിശീലിപ്പിക്കുന്ന വ്യക്തിയാണ് തോമസ്. കൂടാതെ ഇന്ത്യൻ താരങ്ങളെ പറ്റിയും അദ്ദേഹത്തിന് മികച്ച ധാരണയുണ്ട്. സ്വാഭാവികമായും ഒരു പരിശീലകൻ മറ്റൊരു ക്ലബ്ബിലേക്ക് പോകുമ്പോൾ അയാളുടെ ഇഷ്ടതാരങ്ങളെ കൂടെ കൊണ്ടുപോകാറുണ്ട്. അങ്ങനെയെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങളെ അദ്ദേഹം ഹൈദരാബാദിലേക്ക് എത്തിച്ചാൽ അത്ഭുതപ്പെടാനില്ല.
തോമസ് ചെറിയാൻ, നിഹാൽ സുധീഷ്, മുഹമ്മദ് ഐമൻ, എബിൻ ദാസ്, വിബിൻ മോഹൻ തുടങ്ങി ബ്ലാസ്റ്റേഴ്സിലെ യുവപ്രതിഭകളെല്ലാം തോമസിന്റെ കീഴിൽ കളിച്ചുവളർന്നവരും തോമസിന്റെ ഇഷ്ട കളിക്കാരുമാണ്. അദ്ദേഹം ഹൈദരാബാദിലെത്തിയാൽ, ഈ താരങ്ങൾക്ക് വേണ്ടി ശ്രമം നടത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനമായ തോമസ് ചെറിയാൻ ,തോമസ് ചോഴ്സിന്റെ ഇഷ്ട കളിക്കാരിൽ ഒരാൾ കൂടിയാണ്. ഈ സീസണിൽ ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സിലേക്ക് ലോണിൽ അയച്ച ചെറിയാനെ ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് ലോണിൽ നിന്നും തിരിച്ചു വിളിച്ചത് ചോഴ്സിന്റെ അഭ്യർത്ഥനപ്രകാരമാണ്.
താരത്തെ സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്താനായിരുന്നു തോമസിന്റെ ശ്രമം. എന്നാൽ പരിക്കു മൂലം താരത്തെ സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്താനായില്ല. ഇത്തരത്തിൽ തോമസ് വലിയ പ്രാധാന്യം നൽകുന്ന ചെറിയാൻ, അടുത്ത സീസണിൽ ഹൈദരാബാദിലേക്ക് ലോണിലോ, അല്ലാതെയോ പോകാനുള്ള സാധ്യതകൾ ഏറെയാണ്..