ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മത്സരങ്ങൾ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ 22 വർഷങ്ങൾക്ക് ശേഷം ആദ്യമായി രാജ്യത്തെ പ്രൈം ഡിവിഷൻ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ കാഴ്ചയ്ക്കാണ് ഇത്തവണ ഐഎസ്എൽ സാക്ഷ്യം വഹിച്ചത്.
ഈസ്റ്റ് ബംഗാളിന്റെ ഈ ചരിത്ര വിജയം വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത് അവരുടെ ബദ്ധവൈരികളായ മോഹൻ ബഗാനെയാണ്.
രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളെ ഒപ്പം കൂട്ടിയിട്ടും ലീഗിലെ ഏറ്റവും അനുഭവസമ്പത്തുള്ള പരിശീലകനായ സെർജിയോ ലോബരയെ വൻ തുകയ്ക്ക് ടീമിൽ എത്തിച്ചിട്ടും മോഹൻ ബഗാന് ഇത്തവണ കിരീടം നേടാൻ സാധിച്ചില്ല.
കിരീടം നഷ്ടമായി എന്നത് മാത്രമല്ല മറുഭാഗത്ത് തങ്ങളുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാൾ കപ്പ് ഉയർത്തിയത് മോഹൻ ബഗാൻ മാനേജ്മെന്റിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
അതിനാൽ തന്നെ വരാനിരിക്കുന്ന സീസണിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് മോഹൻ ബഗാൻ ഇപ്പോൾ ഒരുങ്ങുന്നത്.
നിലവിലെ മുഖ്യ പരിശീലകൻ സെർജിയോ ലോബര ഉടൻ തന്നെ തന്റെ പരിശീലക സ്ഥാനം രാജിവെയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോബരയ്ക്ക് പകരക്കാരനായി ലീഗിൽ മികച്ച അനുഭവസമ്പത്തുള്ള മറ്റൊരു പ്രമുഖ പരിശീലകനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ മോഹൻ ബഗാൻ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
മോഹൻ ബഗാനുമായി ബന്ധപ്പെട്ട വാർത്തകൾ നിരന്തരം പങ്കവെയ്ക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ മുഖ്യപരിശീലകനായ ഹുവാൻ പെഡ്രോ ബെനാലിയെ ടീമിലെത്തിക്കാനാണ് ബഗാൻ ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഇരു കൂട്ടരും തമ്മിൽ ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ALSO READ: റയൽ മാഡ്രിഡ് അക്കാദമി താരം ഇന്ത്യൻ ജേഴ്സിയിലേക്ക്? വഴിതുറന്ന് ഖാലിദ് ജമീൽ, ഇനി തകർക്കും
ആശങ്കയോടെ കേരള ബ്ലാസ്റ്റേഴ്‌സ്

മോഹൻ ബഗാനെ പോലുള്ള വലിയ സാമ്പത്തിക ശേഷിയുള്ള ഒരു ക്ലബിന് എത്ര പണം മുടക്കിയും കഴിവ് തെളിയിച്ച പ്രമുഖ പരിശീലകരെയും കളിക്കാരെയും സ്വന്തമാക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും.
കൊൽക്കത്തൻ ക്ലബ്ബിന്റെ ഈ പുതിയ നീക്കങ്ങൾ കാരണം കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകരും ആശങ്കപ്പെടേണ്ടതുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ മിന്നും പ്രകടനങ്ങൾ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
തോൽവിയുടെ പടുകുഴിയിൽ വീണ് തകർന്നടിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച തന്ത്രങ്ങളിലൂടെ രക്ഷിച്ചെടുത്തത് ആഷ്‌ലിയുടെ വരവാണ്.
അദ്ദേഹം ടീമിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിട്ടില്ല എന്ന വലിയ റെക്കോർഡും ഉണ്ട്.
താൻ പരിശീലിപ്പിച്ച 6 പ്രധാന മത്സരങ്ങളിൽ 5 വിജയവും ഒരു സമനിലയുമാണ് വെസ്റ്റ് വുഡ് ബ്ലാസ്റ്റേഴ്സിന് നേടിക്കൊടുത്തത്.
തകർച്ചയിൽ നിന്നും ടീമിനെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവന്ന ആഷ്‌ലിയുടെ ഈ മിന്നും പ്രകടനം വലിയ ചർച്ചയാവുമ്പോൾ നാളെ മോഹൻ ബഗാന്റെ കണ്ണ് ആഷ്‌ലിയിൽ പതിയുമോ എന്ന വലിയ ആശങ്കയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പങ്കുവെയ്ക്കുന്നത്.
ലീഗിലെ ഏറ്റവും മികച്ച കോച്ചുമാരെ ലക്ഷ്യമിടുന്ന ബഗാന്റെ റഡാറിൽ ആഷ്‌ലി എത്തിയാൽ എന്ത് വലിയ വില നൽകിയും അദ്ദേഹത്തെ സ്വന്തമാക്കാൻ അവർ മടിക്കില്ല എന്ന് ആരാധകർക്ക് നന്നായി അറിയാം.
എന്നാൽ നിലവിൽ ആഷ്‌ലി അവരുടെ പരിഗണനാ പട്ടികയിൽ ഇല്ല എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ ആശ്വസിക്കാൻ വക നൽകുന്ന ഏക കാര്യം.
വരും ദിവസങ്ങളിൽ മോഹൻ ബഗാനിൽ ഉണ്ടാകുന്ന നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാവിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ആഷ്‌ലി വെസ്റ്റ്‌വുഡിനെ അടുത്ത സീസണിലും ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കടുത്ത ശ്രമങ്ങൾ നടത്തേണ്ടി വരും.
വൻകിട ക്ലബ്ബുകളുടെ പണക്കൊഴുപ്പിന് മുന്നിൽ മികച്ച പരിശീലകരെ കൈവിട്ടുപോകാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ പ്രാർത്ഥനയിലാണ്.
ALSO READ: ആഷ്‌ലി ബ്ലാസ്റ്റേഴ്‌സ് വിടുന്നു? ആരാധകരെ നിരാശരാക്കുന്ന സൂചനകൾ
English Summary: Following East Bengal’s ISL 2025-26 title win, Mohun Bagan is looking for a new coach to replace Sergio Lobera. While they are linked with Juan Pedro Benali, Kerala Blasters fans worry that manager Ashley Westwood‘s brilliant unbeaten run might attract Bagan’s interest.
