ഒരു സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ ആരാധക സമ്പത്ത് കണ്ട് ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെത്തിയ ചരിത്രമുണ്ട്. എന്നാലിപ്പോൾ മാനേജ്‌മെന്റിന്റെ മോശം സമീപനത്തെ തുടർന്ന് ക്ലബ്ബുമായി അകലം പാലിച്ചിരിക്കുകയാണ് ആരാധകർ. കൂടാതെ താരങ്ങൾ മികച്ച സൗകര്യങ്ങൾ, കിരീടങ്ങൾ, ഭാവി എന്നിവ കണക്കിലെടുത്ത് ക്ലബ്ബുകൾ തിരഞ്ഞെടുക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയും, മാനേജ്‌മെന്റിന്റെ ദീർഘ വീക്ഷണമില്ലാത്ത പദ്ധതികളും കാരണം പല താരങ്ങളും ക്ലബ് വിട്ട് മികച്ച ക്ലബ്ബിലേക്ക് പോകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലൊരു താരമാണ് ബ്ലാസ്റ്റേഴ്സിന്റെ കൗമാര താരം കോറു സിങ്.
തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനമായി മിന്നി നിൽക്കുന്ന കോറുവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത് ഇത്തിരി സഹതാപത്തോട് കൂടിയാണ്. കൃത്യമായ പ്ലാനിങ്ങോ, ഒരു കിരീടം നേടണം എന്ന ചിന്താഗതി പോലുമില്ലെന്ന് തോന്നിപ്പിക്കുന്ന മാനേജ്‌മെന്റിന്റെ പദ്ധതികൾ തന്നെയാണ് അതിന് കാരണം.
ബ്ലാസ്റ്റേഴ്സിന് പകരം താരം മുംബൈ സിറ്റിയിലോ, ബഗാനിലോ കളിച്ചിരുന്നുവെങ്കിൽ താരത്തിന്റെ കരിയറിനും അത് ഉപകാരം ചെയ്തേനെ എന്ന കാഴ്ചപ്പാട് ആരാധകർക്കുണ്ട്.
കോറുവിനെ പോലും ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയും മികച്ച ക്ലബ്ബിലേക്ക് പോകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇരുവരും അത്രമാത്രം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്.