CricketCricket LeaguesIndian Premier LeagueSports

സഞ്ജു, ദീപക് ചഹർ, മിച്ചൽ സ്റ്റാർക്ക്; ഐപിഎൽ ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഇതാ

ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വിവിധ ഐപിഎൽ ടീമുകളും അവർ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളെപറ്റിയും അറിയാം..

ഐപിഎൽ 2026 നുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കുകയാണ് ടീമുകൾ. നവംബർ 15 ന് മുമ്പ് നിലനിർത്തുന്ന താരങ്ങളുടെയും റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് കൈമാറാനാണ് ബിസിസിഐയുടെ നിർദേശം. അതിനാൽ ടീമുകൾ തിരക്കിട്ട ലിസ്റ്റിങ്ങിലാണ്. ടീമുകളുടെ റിറ്റൻഷൻ, റിലീസ് ലിസ്റ്റുകളുടെ സൂചനകളും ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്നുണ്ട്. ഇത്തരത്തിൽ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വിവിധ ഐപിഎൽ ടീമുകളും അവർ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളെപറ്റിയും അറിയാം..

ചെന്നൈ സൂപ്പർ കിങ്‌സ്

ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവോൺ കോൺവെ എന്നീ അഞ്ച് താരങ്ങളെ റിലീസ് ചെയ്യാനാണ് ചെന്നൈയുടെ നീക്കം. രവിചന്ദ്രൻ അശ്വിൻ വിരമിച്ചതിനാൽ അദ്ദേഹത്തിൻറെ ലേലത്തുകയായ 9.75 കോടി രൂപ ചെന്നൈയ്ക്ക് ലേലത്തിൽ ഉപയോഗിക്കാനാവും. കൂടാതെ റിലീസ് ചെയ്യുന്ന താരങ്ങളുടെ തുക ഉപയോഗിച്ച് മികച്ച താരങ്ങളെ വാങ്ങിക്കാനാണ് ചെന്നൈയുടെ പദ്ധതി.

മുംബൈ ഇന്ത്യൻസ്

കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ദീപക് ചഹർ, ഇംഗ്ലീഷ് താരം റീസ് ടോപ്ലി, അഫ്ഗാൻ താരം മുജീബുർ റഹ്മാൻ എന്നിവരാണ് മുംബൈയുടെ റിലീസിംഗ് ലിസ്റ്റിലുള്ള താരങ്ങൾ

രാജസ്ഥാൻ റോയൽസ്

നായകൻ സഞ്ജു സാംസൺ റോയൽസ് വിടുന്നു എന്നുള്ളതാണ് റോയൽസിന്റെ റിലീസിംഗ് ലിസ്റ്റിലെ പ്രധാനഘടകം. സഞ്ജുവിനെ കൂടാതെ ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ അഫ്ഘാൻ പേസർ ഫസൽഹഖ് ഫാറൂഖി എന്നിവരും റിലീസിങ് ലിസ്റ്റിലുണ്ട്. ടീമിലെ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പറായ ദ്രുവ് ജ്യൂറേലും ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

വെങ്കടേഷ് അയ്യർ, ഉംറാൻ മാലിക്, സ്പെൻസർ ജോൺസൻ, ആൻറിച് നോർട്ടിയ എന്നിവരാണ് അവരുടെ റിലീസിംഗ് ലിസ്റ്റിലുള്ളത്. ലേലത്തിൽ സഞ്ജുവിനെ വാങ്ങിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.

റോയൽ ചല്ലഞ്ചേഴ്‌സ് ബെംഗളൂരു

പ്രധാന താരങ്ങളെ റിലീസ് ചെയ്യാതെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻ ടീമിനെ നിലനിത്താനാണ് ആർസിബിയുടെ പദ്ധതി. അതിനാൽ ഈ ലേലത്തിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി താരങ്ങൾക്ക് വേണ്ടി മാത്രമേ അവർ ശ്രമിക്കുകയുള്ളു.

പഞ്ചാബ് കിങ്‌സ്

സാധാരണ വൻ പൊളിച്ചെഴുത്തുകൾ നടത്താറുള്ള പഞ്ചാബ് ഇത്തവണ കഴിഞ്ഞ സീസണിലെ അതേ ടീമിനെ നിലനിർത്താനുള്ള പ്ലാനിലാണ്.

ഗുജറാത്ത് ടൈറ്റൻസ്

ഗ്ലെൻ ഫിലിപ്സ്, ജെറാൾഡ് കോട്‌സി, ഷാറുഖ് ഖാൻ, ഇഷാന്ത് ശർമ്മ എന്നിവരാണ് അവരുടെ ലിസ്റ്റിലുള്ള താരങ്ങൾ

ഡൽഹി ക്യാപിറ്റൽസ്

ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്, ടി.നടരാജൻ, ഓസ്ട്രേലിയൻ യുവതാരം ജേക് ഫ്രേസർ മഗ്രുക് എന്നിവരാണ് അവരുടെ റിലീസിംഗ് ലിസ്റ്റിലെ പ്രമുഖർ.

സൺറൈസേഴ്സ് ഹൈദരാബാദ്

മുഹമ്മദ് ഷമി, രാഹുൽ ചാഹർ, ആദം സാംപ എന്നിവരാണ് അവരുടെ ലിസ്റ്റിലെ പ്രമുഖർ. നായകൻ പാറ്റ് കമ്മിൻസിന്റെ ഫിറ്റ്നസും അവരെ അലട്ടുന്നുണ്ട്. കമ്മിൻസ് റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുമോ ഇല്ലയോ എന്നത് താരത്തിന്റെ ഫിറ്റ്നസ് അനുസരിച്ചായിരിക്കും പരിഗണിക്കുക.

ലക്നൗ സൂപ്പർ ജയന്റ്സ്

പരുക്കിന്റെ പിടിയിലായ പേസർ മയങ്ക് യാദവ്, മറ്റൊരു പേസർ ആകാശ് ദീപ്, ഡേവിഡ് മില്ലർ എന്നിവരാണ് അവരുടെ ലിസ്റ്റിലെ പ്രമുഖർ