രാജസ്ഥാൻ റോയൽസിന്റെ സീസണിലെ മോശം പ്രകടനത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് പരിശീലകൻ രാഹുൽ ദ്രാവിഡിനാണ്. ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ കാരണമാണ് രാജസ്ഥാൻ ഈ സീസണിൽ തകരാൻ കാരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ ദ്രാവിഡ് രാജസ്ഥാൻ വിടുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാലിപ്പോൾ ദ്രാവിഡ് രാജസ്ഥാൻ വിടാനുള്ള ചില സാദ്ധ്യതകൾ തെളിഞ്ഞ് വരികയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പഴയ റോളിലേക്ക് ദ്രാവിഡ് തിരിച്ചുപോയേക്കുമെന്നുള്ള സൂചനകൾ നൽകിയുള്ള റിപോർട്ടുകൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്. വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ‘മൈ ഖേൽ’ എന്ന മാധ്യമം ഇതിന്റെ സൂചനകളും നൽകുന്നുണ്ട്.ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ദ്രാവിഡ് മടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വിവിഎസ് ലക്ഷ്മണാണ് നിലവില്‍ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്മാന്. രാഹുല്‍ ദ്രാവിഡ് ഈ സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷമാണ് ലക്ഷ്മണ് ഈ റോളിലേക്കെത്തിയത്. ലക്ഷ്മന്റെ കരാർ ഈ വർഷം അവസാനിക്കും. കൂടാതെ അദ്ദേഹത്തിന് ഐപിഎൽ ടീമുകളുടെ പരിശീലക സ്ഥാന ഓഫറുകളുമുണ്ട്.
ലക്ഷ്മന്റെ കരാർ അവസാനിച്ചാൽ ബിസിസിഐ അടുത്ത എൻസിഎ ചെയർമാനായി രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദ്രാവിഡ് വീണ്ടും എൻസിഎയുടെ തലപ്പത്തേക്ക് എത്തിയാൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം വിടേണ്ടി വരും. ബിസിസിഐയിൽ പ്രവർത്തിക്കുന്ന പരിശീലകർക്ക് ഐപിഎൽ ടീമുകളുടെ പരിശീലകനാവാൻ സാധിക്കില്ല എന്ന നിയമമുണ്ട്.
ദ്രാവിഡിന്റെ തീരുമാനമാണ് ഇനി പ്രധാനം. എൻസിഎയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം തയാറായാൽ രാജസ്ഥാൻ റോയൽസ് അദ്ദേഹം വിടും. ഇതോടെ കുമാർ സംഗക്കാര വീണ്ടും റോയൽസ് പരിശീലകനായേക്കും. എന്നാൽ ദ്രാവിഡ് റോയൽസിന്റെ പരിശീലകനായി തുടരാൻ തീരുമാനിച്ചാൽ ഈ നീക്കങ്ങളൊന്നും നടക്കില്ല.