ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു ഐപിഎൽ 2025 ന്റെ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. പഞ്ചാബ് കിങ്സിനെ 101 റൺസിന് തീർത്ത ആർസിബി വിജയലക്ഷ്യം കേവലം പത്ത് ഓവറിൽ മറികടക്കുകയായിരുന്നു. ഇനി നിർണായകമായ ഫൈനൽ പോരിൽ കൂടി വിജയിച്ചാൽ ആർസിബിയ്ക്ക് കിരീടദാഹം അവസാനിപ്പിക്കാം.. എന്നാൽ ഫൈനലിൽ ഒരു ആശങ്ക കൂടി ആർസിബിക്കുണ്ട്.
ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിന്റെ പരിക്കാണ് ആർസിബിയുടെ ആശങ്ക. പരിക്ക് കാരണം അവസാന മത്സരങ്ങളിൽ കളിക്കാതിരുന്ന ഡേവിഡ് ഇന്നലെ ആദ്യ ക്വാളിഫയറിലും കളിച്ചിരുന്നില്ല. പകരം ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്‌സ്റ്റനാണ് ഇന്നലെ കളിച്ചത്.
ലിവിങ്സ്റ്റൺ ഇന്നലെ ബാറ്റ് ചെയ്തില്ല എങ്കിലും ഡേവിഡിനെ താരതമ്യം ചെയ്യുമ്പോൾ അത്ര വിശ്വസിക്കാൻ കഴിയുന്ന താരമല്ല ലിവിങ്സ്റ്റൺ. സീസണിലെ ആദ്യ മത്സരങ്ങളിൽ മോശം പ്രകടനത്തെ തുടർന്ന് ആർസിബി പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കിയ താരമാണ് ലിവിങ്സ്റ്റൺ.
സീസണിൽ ആർസിബിക്കായി മികച്ച പ്രകടനം നടത്തിയ താരം പല ഘട്ടങ്ങളിലും ഒറ്റയാൻ പ്രകടനം നടത്തിയിരുന്നു. ഫൈനൽ പോലുള്ള നിർണായക മത്സരത്തിന് ഡേവിഡിന്റെ സാനിധ്യം അത്യാവശ്യമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ താരം ഫൈനലിൽ തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.ഫിനിഷിങ് റോളിൽ വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ് ഉണ്ടെങ്കിലും സ്ഥിരത ഒരു പ്രശ്‌നമാണ്.
സീസണിൽ ആർസിബിക്കായി കളിച്ച ഡേവിഡ് 62.33 ശരാശരിയിലും 185.15 പ്രഹരശേഷിയിലും 187 റൺസാണ് നേടിയത്.
