CricketCricket National TeamsIndian Cricket TeamSports

പിറന്ന നാട്ടിൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാൻ സഞ്ജു; ആഘോഷമാക്കാൻ തിരുവനന്തപുരം

മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹത്തിന് കേരളത്തിൽ കളിക്കാനായിട്ടില്ല. എന്നാലിപ്പോഴിതാ അത്തരത്തിലൊരു സുവർണാവസരം സഞ്ജുവിന്റെ മുന്നിലെത്തിയിരിക്കുകയാണ്.

ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ഒരു പരമ്പര കളിക്കുന്നുണ്ട്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതിൽ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ അറിയിച്ചിരിക്കുകയാണ്.

അടുത്ത വർഷമാണ് ഈ പരമ്പര നടക്കുക. ഇതിൽ ഗ്രീന്‍ഫീല്‍ഡിൽ നടക്കുന്ന അവസാന ടി20 മത്സരം ജനുവരി 31 നാണ്.

നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ ഭാഗമാണ് സഞ്ജു. അതിനാൽ സഞ്ജുവിന് സ്വന്തം നാട്ടിൽ കളിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഫോമും ഫിറ്റ്നസ്സും നിലനിർത്തിയാൽ സഞ്ജുവിന് പിറന്ന നാട്ടിൽ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കാം..

2019-ൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ-സൗത്ത് ആഫ്രിക്ക എ തമ്മിലുള്ള അനൗദ്യോഗിക ലിസ്റ്റ് എ മത്സരത്തിൽ സഞ്ജു കളിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം 48 പന്തിൽ 91 റൺസ് നേടി. എന്നാൽ ഇതൊരു ഔദ്യോഗിക മത്സരമായിരുന്നില്ല.