ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ഈ കിരീടനേട്ടം നിലവിൽ സ്ക്വാഡിൽ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ് ഗുണകരമാണ്. എങ്ങനെയാണെന്നല്ലേ? പരിശോധിക്കാം..
ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടമായതും, ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയവും പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്ഥാനം ചോദ്യം ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഗംഭീറിന്റെ കാര്യത്തിൽ ബിസിസിഐ പുതിയ നിലപാട് എടുക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
എന്നാൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
ചാമ്പ്യൻസ് ട്രോഫിയിൽ ഋഷബ് പന്തിന് പകരം സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ഗംഭീർ നീക്കം നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് അതിന് തടസ്സമായത്. എന്നാൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേട്ടത്തോടെ ആധിപത്യം ഉറപ്പിക്കുന്ന ഗംഭീർ, വരും നാളുകളിൽ സഞ്ജുവിനായി കൂടുതൽ ആവശ്യമുയർത്തുകയും അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ പ്രധാന കളിക്കാരനായി മാറ്റുകയും ചെയ്യുമെന്ന് ഉറപ്പാണ്
ഇതിനോടകം സഞ്ജുവിന് ഇന്ത്യൻ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത് ഗംഭീർ പരിശീലകനായതിനുശേഷമാണ്. ഗംഭീർ കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നതോടെ സഞ്ജുവിന്റെ കരിയറിനും അത് ഉയർച്ച സമ്മാനിക്കും.