സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്നുള്ള അഭ്യൂഹം പ്രചരിക്കാൻ നാളുകളേറെയായി. എന്നാൽ ഇത്തവണ ആ അഭ്യൂഹങ്ങൾക്ക് ശക്തിയേറെയുണ്ടായിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡിന് കീഴിൽ സഞ്ജുവിന് റോയൽസിനുള്ള സ്വാധീനം കുറഞ്ഞതും റിയാൻ പരാഗിന് റോയൽസ് അമിത പ്രാധാന്യം നൽകുന്നതുമെല്ലാം സഞ്ജു റോയൽസ് വിടുമെന്നുള്ള പ്രചാരണം ശക്തമാക്കി. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് കൂടി പുറത്ത് വരികയാണ്.
സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു. യശ്വസി ജയ്‌സ്വാൾ നായക സ്ഥാനം ആവശ്യപ്പെട്ടതും സഞ്ജുവിനെ കൈവിടാൻ റോയൽസിനെ പ്രേരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, രാജസ്ഥാൻ വിടുമെന്നുള്ള സൂചന നൽകിയുള്ള സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ചർച്ചയായിരുന്നു.തന്റെ ഭാര്യയുമൊത്ത് സഞ്ജു നടന്ന് നീങ്ങുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചതെങ്കിലും ഇതിന് നൽകിയ തലക്കെട്ടാണ് ശ്രദ്ധേയം. Time to MOVE..!! ( നീങ്ങാൻ സമയമായി..!!) എന്നാണ് പ്രസ്തുത പോസ്റ്റിന് സഞ്ജു നൽകിയ തലക്കെട്ട്.
കൂടാതെ ഈ പോസ്റ്റിന് ഒരു തമിഴ് സംഗീതമാണ് സഞ്ജു നൽകിയിരിക്കുന്നത്. അതിനാൽ സഞ്ജു സിഎസ്കെയിലേക്ക് നീങ്ങാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന പ്രചരണം ഈ പോസ്റ്റോട് കൂടി കൂടുതൽ ശക്തമായി.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന വ്യക്തി കൂടിയാണ് സഞ്ജു. നേരത്തെ ഇന്ത്യൻ ടീമിലേക്ക് വീണ്ടും ക്ഷണം ലഭിച്ചപ്പോൾ ‘ വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വേടന്റെ വരികൾ സഞ്ജു തന്റെ ചിത്രത്തോടൊപ്പം ചേർത്തതും ശ്രദ്ധേയമായിരുന്നു.
