വിദേശത്ത് കളിക്കുന്ന ഇന്ത്യൻ വംശജരെ ഇന്ത്യയിലെത്തിച്ച് ഇന്ത്യൻ ദേശീയ ടീമിൽ ഭാഗമാക്കി ഫിഫ റാങ്കിങ്ങിൽ മുന്നേറ്റം നടത്താനുള്ള ആവശ്യങ്ങൾ ശക്തമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങീ രാജ്യങ്ങൾ ഈ മാതൃകയിൽ മുന്നേറ്റം നടത്തുമ്പോഴാണ് ഇന്ത്യയിലും ഈ ആവശ്യം ശക്തമാവുന്നത്. 33 ഒസിഐ താരങ്ങളെ സമീപിച്ചെന്നും അവർക്ക് ഒസിഐ കാർഡ് ലഭിച്ചിട്ടുണ്ടെന്നും എഐഎഫ്എഫ് പ്രസിഡണ്ട് കല്യാൺ ചൗബേ വ്യക്തമാക്കിയെങ്കിലും അതൊക്കെയും കേവലം മോഹന വാഗ്‌ദാനം മാത്രമാണ്. കാരണം ഒസിഐ (Overseas Citizen of India ) കാർഡ് ലഭിച്ചാലും അവർക്ക് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനാവില്ല.. കാരണം 2 നിയമങ്ങളാണ് അതിന് തടസ്സം. ഏതൊക്കെയാണ് ആ രണ്ട് നിയമങ്ങൾ എന്നത് പരിശോധിക്കാം…
ആദ്യം ഫിഫയുടെ നിയമം പരിശോധിക്കാം. ഫിഫ നിയമപ്രകാരം ഒരു താരം ഒരു രാജ്യത്തിന് വേണ്ടി കളിക്കണമെങ്കിൽ നിർബന്ധമായും ആ താരത്തിന് ആ രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. ഇനി ഇരട്ട പൗരത്വമുള്ള താരമാണെങ്കിൽ ആ താരത്തിന് പൗരത്വമുള്ള രാജ്യങ്ങളിൽ ഇഷ്ടമുള്ള രാജ്യത്തിന് വേണ്ടി കളിക്കാം. കളിക്കുന്ന രാജ്യത്തിൽ പൗരത്വം ഉണ്ടാവാമെന്നത് മാത്രമാണ് ഫിഫയുടെ നിബന്ധന.
ഫിഫയുടെ ഈ നിയമം ഒസിഐ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമാണ്. അതിന് കാരണം ഈ രാജ്യത്തെ നിയമമാണ്. വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യയിൽ ജോലി ചെയ്യുന്നതിൽ തടസ്സമില്ല. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി ഏതൊരു കായിക മത്സരത്തിലും ഇന്ത്യയെ പ്രതിനിധികരിച്ച് കളിക്കാനാവില്ല. 2008 ൽ പുറത്തിറക്കിയ നിയമമാണ് ഇത്. ഈ നിയമം കോടതി ശെരി വെയ്ക്കുകയുംചെയ്തിട്ടുണ്ട് .
അതായത് ഒസിഐ കാർഡ് ലഭിച്ചാലും ഒസിഐ താരങ്ങൾക്ക് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനാവില്ല. ഒസിഐ കാർഡ് എന്നത് ഇന്ത്യ നൽകുന്ന പൗരത്വമല്ല. മറിച്ച് അവർക്ക് ഇന്ത്യയിൽ ജോലി ചെയ്യാനും താമസിക്കാനുമുള്ള ഒരു കാർഡ് മാത്രമാണിത്. എന്ത് കൊണ്ടാണ് ഒസിഐ കാർഡിലൂടെ ഇന്ത്യ പൗരത്വം നൽകാത്തത്? അതും പരിശോധിക്കാം.
ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കുന്ന രാജ്യമല്ല. ഏകപൗരത്വം അംഗീകരിക്കുന്ന രാജ്യമാണ്. അതിനാൽ വിദേശ ഇന്ത്യൻ വംശജർക്ക് ഇന്ത്യൻ പൗരത്വം വേണമെങ്കിൽ അവരുടെ രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കണം. തടസ്സങ്ങളില്ല എങ്കിൽ അവർക്ക് ഇത് വഴി ഇന്ത്യൻ പൗരത്വം ലഭിക്കും.
ഒസിഐ താരങ്ങൾക്ക് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കണമെങ്കിൽ അവർക്ക് പൗരത്വമുള്ള രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കണം. എങ്കിൽ മാത്രമേ ഇന്ത്യയ്ക്കായി അവർക്ക് കളിക്കാനാവുകയുള്ളു. കേവലം ഒസിഐ കാർഡ് ഉപയോഗിച്ച് അവർക്ക് ഇന്ത്യയിൽ കളിക്കാനാവില്ല. ഒസിഐ കാർഡ് ഇന്ത്യ ഒരു വ്യക്തിക്ക് നൽകുന്ന പൗരത്വമല്ല. അതിനാൽ പൗരത്വമില്ലാത്ത ഒരാൾക്ക് ഫിഫ നിയമപ്രകാരം ആ രാജ്യത്തിന് വേണ്ടി കളിക്കാനാവില്ല.
ഒസിഐ കാർഡ് പൗരത്വമായി പരിഗണിക്കുന്ന, അല്ലെങ്കിൽ ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കുകയും ചെയ്യണമെങ്കിൽ അതൊക്കെയും രാജ്യത്തെ ആഭ്യന്തര മന്ത്രാലയവും നയതന്ത്രവിദഗ്ധരും ചേർന്നെടുക്കേണ്ട സുപ്രധാന നയതന്ത്ര തീരുമാനമാണ്. അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. ചുരുക്കി പറഞ്ഞാൽ കല്യാൺ ചൗബെ 33 ഒസിഐ താരങ്ങളെ ബന്ധപ്പെട്ടത് കൊണ്ട് ഒരു കാര്യവുമില്ല. അവർ ഇന്ത്യയ്ക്കായി കളിക്കണമെങ്കിൽ രാജ്യത്തെ സുപ്രധാന നയതന്ത്രകാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടത്. അത്രത എളുപ്പമല്ല.