ഐഎസ്എല്ലിന്റെ അടുത്ത സീസണിലെ നടത്തിപ്പ് തന്നെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത് എന്ന കാര്യം പലർക്കും അറിയാവുന്ന കാര്യമാണ്. ഐഎസ്എല്ലിന്റെ നടത്തിപ്പുകാരായ എഫ്എസ്ഡിഎലും എഐഎഫ്എഫും തമ്മിലുള്ള നിയമയുദ്ധം തന്നെയാണ് ഇതിന് കാരണം. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജൂലായിൽ കേസിൽ വിധി വരുമെന്നും ഐഎസ്എല്ലിന്റെ സംഘാടകത്വവുമായി ബന്ധപ്പെട്ടുള്ള വ്യക്തത ഇതോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള പ്രശ്‌നം.. പരിശോധിക്കാം…
2010-ൽ ഒപ്പുവെച്ച 15 വർഷത്തെ മാസ്റ്റർ റൈറ്റ്സ് അഗ്രിമെന്റ് (MRA) 2025 ഡിസംബറിൽ അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയമയുദ്ധം. 2010-ൽ ഒപ്പുവെച്ച കരാർ പ്രകാരം എഫ്എസ്ഡിഎൽ, എഐഎഫ്എഫിന് പ്രതിവർഷം 50 കോടി രൂപ നൽകി, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഉൾപ്പെടെയുള്ള എഐഎഫ്എഫിന്റെ എല്ലാ വാണിജ്യ അവകാശങ്ങൾ (മാർക്കറ്റിംഗ്, ബ്രോഡ്കാസ്റ്റിംഗ് മുതലായവ) ഏറ്റെടുത്തിരുന്നു. എന്നാൽ, ഈ കരാർ അവസാനിക്കാനിരിക്കെ, പുതിയ കരാർ ചർച്ചകളിൽ ഇരുപക്ഷവും തമ്മിൽ ചില തർക്കങ്ങൾ ഉടലെടുക്കുകയും നിയമയുദ്ധം ആരംഭിക്കുകയും ചെയ്തു.
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു “ക്യാഷ്‌ലെസ്” മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.’ എഫ്ഫ്എസ്ഡിഎൽ, ISL ക്ലബ്ബുകൾ, എഐഎഫ്എഫ് എന്നിവർ ചേർന്ന് ഒരു പുതിയ എന്റിറ്റി രൂപീകരിക്കും. ഈ എന്റിറ്റി ലീഗിന്റെ ലാഭം നിശ്ചയിക്കുകയും അനുപാതത്തിൽ വിഭജിക്കുകയും ചെയ്യും, ഇത് പ്രകാരം എഐഎഫ്എഫിന് 14% മാത്രമേ ലഭിക്കൂ’. ഇതാണ് എഫ്എസ്ഡിഎൽ മുന്നോട്ട് വെയ്ക്കുന്ന “ക്യാഷ്‌ലെസ്” മോഡൽ.
എന്നാൽ ഈ ആവശ്യം എഐഎഫ്എഫ് അംഗീകരിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. 14% എന്നത് നേരത്തെ ലഭിച്ച് കൊണ്ടിരുന്ന 50 കോടിയുടെ അടുത്ത് പോലും എത്തില്ല. ലീഗ് നഷ്ടത്തിലാണ് എങ്കിൽ ചില്ലികാശ് പോലും എഐഎഫ്എഫിന് ലഭിക്കില്ല. ഇതാണ് പുതിയ കരാർ ചർച്ചകളോട് എഐഎഫ്എഫ് മുഖം തിരിക്കാൻ കാരണം.
തീർന്നില്ല, 2022-ൽ, എഫ്എസ്ഡിഎൽ, എഐഎഫ്എഫിന്റെ ഡ്രാഫ്റ്റ് ഭരണഘടനയിലെ വ്യവസ്ഥകൾ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഡ്രാഫ്റ്റിൽ ഐ-ലീഗിനെ രാജ്യത്തിന്റെ ടോപ്-ടയർ ലീഗായി അംഗീകരിക്കുകയും ISL-നെ ഒരു സ്വകാര്യ ടൂർണമെന്റായി തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇത് 2010-ലെ MRA-ന്റെ ലംഘനമാണെന്ന് എഫ്എസ്ഡിഎൽ കോടതിയിൽ വാദിച്ചു. ഇരുവരും തമ്മിലെ ബന്ധം വഷളാകാനും പുതിയ ചർച്ചകൾ നടക്കുന്നത് വൈകിക്കുന്നതിനും ഇതുംകാരണമായി. കൂടാതെ ISL-ന്റെ ഘടന, പ്രൊമോഷൻ-റിലഗേഷൻ സംവിധാനം, ടോപ്-ടയർ ലീഗ് എന്ന നിലയിലുള്ള അംഗീകാരം എന്നിവയെക്കുറിച്ചും ഇരുവർക്കുമിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.
നിലവിൽ ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ സുപ്രീം കോടതിയുടെ വിധി അനുസരിച്ചായിരിക്കും ഐഎസ്എല്ലിന്റെ ഭാവിയും വ്യക്തതയും.
