ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാകുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിച്ച് അതിൽ നിന്ന് ഒരാളെ എഐഎഫ്എഫ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ഒരാളുടെ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ നിന്നും ഉയർന്ന് വരികയാണ്.
ഇന്ത്യൻ പരിശീലകൻ എന്ന നിലയിൽ സഞ്ജയ് സെന്നിന്റെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.
സഞ്ജയ് സെൻ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള പരിശീലകനാണ്. മോഹൻ ബഗാനെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. മുഹമ്മദൻ എസ്.സി, യുണൈറ്റഡ് എസ്.സി, പോലുള്ള പ്രമുഖ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഘടനയെക്കുറിച്ചും കളിക്കാരെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് വാദിക്കുന്ന അദ്ദേഹം, തന്ത്രപരമായ മികവുകളിലും പേരുകേട്ട വ്യക്തിയാണ്.
എന്നാൽ, ക്ലബ്ബ് തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ദേശീയ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ സഞ്ജയ് സെന്നിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. അന്താരാഷ്ട്ര തലത്തിൽ ലോകോത്തര ടീമുകൾക്കെതിരെ കളിക്കുമ്പോൾ ടീമിനെ നയിക്കാനുള്ള അന്താരാഷ്ട്ര പരിശീലന പരിചയം അദ്ദേഹത്തിന് കുറവാണെന്നത് ഒരു പോരായ്മയാണ്.
ദേശീയ ടീമിന് ഒരു ഇന്ത്യൻ പരിശീലകൻ വരുന്നത് കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും, ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അത് മുതൽക്കൂട്ടാകുമെന്നും ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. സഞ്ജയ് സെന്നിനെപ്പോലൊരു പരിശീലകൻ വരികയാണെങ്കിൽ, ഇന്ത്യൻ കളിക്കാരെ കൂടുതൽ മനസ്സിലാക്കാനും അവരുടെ കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കാനും സാധിക്കുമെന്നും അഭിപ്രായമുണ്ട്.
ഇന്ത്യൻ പരിശീലകനെ നിയമിക്കുക എന്ന വലിയ റിസ്ക് എഐഎഫ്എഫ് എടുക്കുമോ എന്നതാണ് അറിയേണ്ടത്. സമീപകാലത്തായി വിദേശ പരിശീലകർ പയറ്റിയിട്ടും തെളിയാത്ത ഈ അങ്കക്കളരി ഒരു ഇന്ത്യൻ പരിശീലകനെ ഏല്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.