ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഉണ്ടാവില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം മറ്റൊരു താരത്തിന് അരങ്ങേറ്റം ഒരുക്കാനാണ് ഗംഭീറിന്റെ പദ്ധതി.
ആദ്യ ടെസ്റ്റ് നടന്ന ലീഡ്‌സിലെ പിച്ചിനെ അപേക്ഷിച്ച് രണ്ടാം മത്സരവേദിയായ എഡ്ജ്ബാസ്റ്റൺ പേസ് ബൗളിങ്ങിന് കൂടുതൽ ആനുകൂല്യമുള്ള പിച്ചാണ്. അതിനാൽ ബുമ്ര കളിക്കാത്ത സാഹചര്യത്തിൽ ലെഫ്റ്റ് ഹാൻഡർ ബൗളർ അർശ്ദീപ് സിങ്ങിന് ഗംഭീർ അരങ്ങേറ്റം ഒരുക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എങ്കിൽ അർശ്ദീപിൻറെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരിക്കുമിത്.
നിലവിൽ ഇന്ത്യൻ സ്‌ക്വാഡിലെ ഏക ലെഫ്റ്റ് ഹാൻഡഡ് പേസ് ബൗളറാണ് അർശ്ദീപ്. എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ പേസിന് ശക്തി നൽകാൻ ടീമിൽ ഒരു ലെഫ്റ്റ് ഹാൻഡർ കൂടി ഉണ്ടാവുന്നത് ഉത്തമമാണ്.
അതേ സമയം, രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് നിരയിൽ അഴിച്ച് പണികൾ ഉണ്ടാവില്ല. ആദ്യ ടെസ്റ്റിൽ സായി സുദർശൻ, കരുൺ നായർ എന്നിവർക്ക് തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗ് ലൈനപ്പിൽ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടാണ് ഗംഭീറിന്.
എന്നാൽ ശാർദൂൽ താക്കൂറിന് പകരം നിതീഷ് റെഡി രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.