പുതിയ ഐഎസ്എൽ സീസണിനായുള്ള ഒരുക്കങ്ങൾ പല ക്ലബ്ബുകളും ആരംഭിച്ചുകഴിഞ്ഞെങ്കിലും, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവി പോലും നിലവിൽ അനിശ്ചിതത്വത്തിലാണ്. വിദേശ താരങ്ങളെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ചില ക്ലബ്ബുകൾ ഇപ്പോഴും പിന്നിലാണ്. കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഐഎസ്എല്ലിലെ 7 ക്ലബ്ബുകൾ ഇത് വരെ പുതിയ വിദേശ സൈനിംഗുകളൊന്നും നടത്തിയിട്ടില്ല.
വിദേശ താരങ്ങളെ സ്വന്തമാക്കാത്ത ക്ലബ്ബുകളുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, മുഹമ്മദൻ എസ്സി, ഹൈദരാബാദ് എഫ്സി, ജംഷദ്പൂർ എഫ്സി, പഞ്ചാബ് എഫ്സി എന്നിവരാണ് ഉള്ളത്.
അതേസമയം, ചില ക്ലബ്ബുകൾ ഇതിനോടകം വിദേശ താരങ്ങളെ ടീമിലെത്തിച്ച് സ്ക്വാഡ് ശക്തമാക്കി കഴിഞ്ഞു. ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ബെംഗളൂരു എഫ്സി, എഫ്സി ഗോവ എന്നിവരാണ് പുതിയ വിദേശ സൈനിംഗുകൾ പൂർത്തിയാക്കിയ ക്ലബ്ബുകൾ.
നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പുതിയ വിദേശ സൈനിംഗുകൾ നടത്തിയിട്ടില്ലെങ്കിലും, തങ്ങളുടെ പ്രധാന വിദേശ പ്രതിരോധനിര താരം ടോം അൾഡ്രെഡിന്റെ കരാർ പുതുക്കി ടീമിന്റെ സ്ഥിരത ഉറപ്പാക്കിയിട്ടുണ്ട്. ഇത് അവരുടെ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്താതെ മുന്നോട്ട് പോകാൻ സഹായിക്കും.
എന്നാൽ, ഐഎസ്എൽ 2025-26 സീസൺ തന്നെ ‘ഓൺ ഹോൾഡ്’ ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള ‘മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്’ (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന് കാരണം. ഈ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ സൈനിംഗുകൾ നടത്താൻ ക്ലബ്ബുകൾക്ക് ആശങ്കയുണ്ട്.
