നിർണായകമായ എലിമിനേറ്റർ പോരാട്ടത്തിൽ വിജയിച്ച് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്. ഗുജറാത്തിനെ 20 റൺസിന് കീഴടക്കിയാണ് മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.
മുംബൈക്കായി ഇന്ന് ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങിയ അശ്വിനി കുമാറാണ് ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുന്നത്. മത്സരത്തിന്റെ പത്താം ഓവറിലാണ് രോഹിത് ശർമയ്ക്ക് പകരം താരം ഇമ്പാക്ട് പ്ലയെർ ആയെത്തുന്നത്. അവിടെ മുതൽ മുംബൈയുടെ വിജയത്തിന് താരം പ്രധാന കാരണമായി.
ഗുജറാത്ത് നിരയിൽ സായി സുദർശനും വാഷിംഗ്ടൺ സുന്ദറും തകർത്തടിക്കുമ്പോഴാണ് താരത്തിന്റെ വരവ്. അവിടെ മുതൽ ഗുജറാത്തിന്റെ റൺറേറ്റ് പിടിച്ച് നിലനിർത്തുന്നതിൽ അശ്വിനി പ്രധാന പങ്ക് വഹിച്ചു.
മത്സരത്തിൽ 3.3 ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആകെ 28 റൺസാണ് വിട്ട് കൊടുത്തത്. ഗ്ളീസനും ബോൾട്ടും ഹാർദിക്കുമൊക്കെ തല്ല് കൊള്ളുന്ന സമയത്താണ് അശ്വിനിയുടെ മികവാർന്ന പ്രകടനം.
മത്സരത്തിന്റെ പതിനഞ്ചാം ഓവറും 17 ആം ഓവറും എറിഞ്ഞ താരം ആകെ 17 റൺസാണ് ഈ രണ്ട് ഓവറുകളിൽ വഴങ്ങിയത്. താരത്തിന്റെ രണ്ടും മൂന്നും ഓവറുകളായിരുന്നു ഇത്. ആദ്യ ഓവറിൽ താരം 11 റൺസ് വിട്ട് കൊടുത്തിരുന്നു. ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കിയത് അശ്വിനി എറിഞ്ഞ പതിനഞ്ചാം ഓവറും 17 ആം ഓവറുമാണ്.
അതേ സമയം ജസ്പ്രീത് ബുംറ എല്ലായിപ്പോഴും പോലെ ഇന്നും മികച്ച പ്രകടനം നടത്തി. നാലോവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. ബുമ്രയുടെ പ്രകടനം ചർച്ചയാവുന്നതോടപ്പം അശ്വിനിയുടെ മികച്ച സ്പെല്ലും കൈയ്യടി നേടുന്നുണ്ട്.
