ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തെ പ്രധാന ചർച്ചകളിലൊന്ന് ലോകേഷ് രാഹുലിന്റെ ഭാവിയാണ്. നിലവിൽ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ പ്രധാന ബാറ്ററായ രാഹുലിന് പുതിയൊരു പദവി നൽകാൻ ഇന്ത്യൻ പരിശീലകൻ ഗംഭീർ ഒരുങ്ങുന്നതായുള്ള സൂചനകൾ പുറത്തുവരുകയാണ്. ഇത് രാഹുലിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവാകും.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെക്നിക്കൽ ബാറ്റർമാരിലൊരാളാണ് രാഹുൽ. നിലവിൽ ടെസ്റ്റിൽ ഓപ്പണറായി കളിക്കുന്ന അദ്ദേഹത്തിന്, ഏകദിനത്തിൽ മധ്യനിരയിലാണ് സ്ഥാനം. എന്നാൽ, 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രാഹുലിനെ ഏകദിന ടീമിലും ഓപ്പണിങ് പൊസിഷനിലേക്ക് കൊണ്ടുവരാനാണ് ഗംഭീർ സാധ്യതകളൊരുക്കുന്നത്.
38 വയസ്സുകാരനായ രോഹിത് ശർമ്മ ഒരു നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഇന്ത്യൻ ഏകദിന ടീമിൽ ഇനി തുടരാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2027 ലോകകപ്പാവുമ്പോൾ 40 വയസ്സ് തികയുന്ന രോഹിതിനെ ടീമിൽ നിലനിർത്തുന്നത് ഇന്ത്യയ്ക്ക് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രോഹിത് പടിയിറങ്ങുമ്പോൾ, ലോകേഷ് രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെയാണ്.
രാഹുൽ-ശുഭ്മാൻ ഗിൽ സഖ്യം ഇനി ഇന്ത്യൻ ഏകദിന ടീമിനായി ഓപ്പണിങ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ സ്ഥിരതയും കരുത്തും നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗില്ലിനൊപ്പം ഓപ്പണിങ് സ്ഥാനത്ത് രാഹുൽ എത്തുന്നത് ഇന്ത്യൻ ടീമിന് ദീർഘകാലത്തേക്ക് ഒരു മികച്ച ഓപ്പണിങ് സഖ്യം ഉറപ്പാക്കാൻ സഹായിക്കും. രാഹുലിന്റെ തലവര തെളിയുന്ന ഈ നീക്കം ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ഊർജ്ജം പകരും.
