CricketCricket National TeamsSports

ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ

താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.

സമീപകാലത്തായി ക്രിക്കറ്റിൽ ശ്രദ്ധ നേടിയ ടീമാണ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താനെ അടക്കം തോൽപ്പിച്ച് ശ്രദ്ധ നേടിയ അമേരിക്ക സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയും ഇത് വഴി 2026 ടി20 ലോകകപ്പിലേക്ക് സീറ്റുറപ്പിക്കയും ചെയ്‌തിരുന്നു. എന്നാൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന അടുത്ത ടി20 ലോകക്കപ്പിൽ അമേരിക്ക കളിക്കുന്നത് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

യുഎസ്എ ക്രിക്കറ്റ് നിലവിൽ ഐസിസിയിൽ നിന്ന് സസ്‌പെൻഷൻ ഭീഷണി നേരിടുകയാണ്. ഭരണപരമായ പ്രശ്നങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. എസിഇ (ACE)യും യുഎസ്എ ക്രിക്കറ്റും തമ്മിലുള്ള കരാർ തർക്കമാണ് ബോർഡിന്റെ ഒളിമ്പിക് സർട്ടിഫിക്കേഷനെയും ഐസിസിയിലെ സ്ഥാനത്തെയും ഭീഷണിപ്പെടുത്തുന്നത്.

എന്താണ് എസിഇ (ACE)യും യുഎസ്എ ക്രിക്കറ്റും തമ്മിലുള്ള കരാർ തർക്കം?

2019-ൽ യുഎസ്എ ക്രിക്കറ്റും എസിഇയും തമ്മിൽ ഒരു വാണിജ്യ കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, യുഎസിലെ പ്രൊഫഷണൽ ടി20 ക്രിക്കറ്റിന്റെ (മേജർ ലീഗ് ക്രിക്കറ്റ് – MLC) സമ്പൂർണ്ണ വാണിജ്യ അവകാശങ്ങൾ എസിഇക്ക് ലഭിച്ചു. ഇതിന് പകരമായി, ദേശീയ ടീമുകൾക്ക് സാമ്പത്തിക സഹായം നൽകുക, ആറ് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുക, പ്രൊഫഷണൽ ലീഗുകൾ ആരംഭിക്കുക എന്നിവയെല്ലാം എസിഇയുടെ ചുമതലയായിരുന്നു. യുഎസ്എ ക്രിക്കറ്റിന് എല്ലാ ക്രിക്കറ്റ് വരുമാനത്തിന്റെയും 5% ഓഹരിയും മിനിമം പേയ്‌മെന്റുകളും ഉറപ്പുനൽകിയിരുന്നു. എസിഇ യുഎസ്എ ക്രിക്കറ്റിന് നൽകേണ്ട പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. കൂടാതെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.

ഇതോടെ ഭരണപരമായ പരിഷ്കാരങ്ങൾ പൂർത്തിയാക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താനും അമേരിക്കൻ ക്രിക്കറ്റ് ബോർഡിന് ഐസിസി നിർദേശം നൽകിയിട്ടുണ്ട്. യുഎസ്എ ക്രിക്കറ്റിന് ഐസിസി മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ ഈ പ്രശ്‌നം പരിഹരിച്ചില്ല എങ്കിൽ അമേരിക്കൻ ക്രിക്കറ്റിന് ഐസിസിയുടെ അംഗത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ, യുഎസ്എ ക്രിക്കറ്റിന്റെ ഭാവിക്കും അമേരിക്കയിൽ ക്രിക്കറ്റ് വളർത്തുന്നതിനും ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ അവർക്കാവില്ല.2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ, യുഎസ്എ ക്രിക്കറ്റിന്റെ ഭാവിക്കും അമേരിക്കയിൽ ക്രിക്കറ്റ് വളർത്തുന്നതിനും ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.