പ്രതീക്ഷകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ഒക്ടോബർ 30 ന് വൈകുന്നേരം 4: 30 ന് ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാജസ്ഥാൻ യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, സ്പോർട്ടിങ് ക്ലബ് ഡൽഹി എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ചാമ്പ്യന്മാർക്കാണ് സെമി പ്രവേശനം. അതിനാൽ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരങ്ങളും നിർണായകമാണ്. ഇത് വരെ ഒരു കിരീടം നേടാനാവാത്ത ക്ലബ് എന്ന ചീത്തപ്പേര് കൂടി മാറ്റണം എന്ന ലക്ഷ്യം കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിന്. എന്നാൽ നിർണായകമായ സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് ചില ദൗർബല്യങ്ങളും പ്രതീക്ഷകളുമുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം..
ALSO READ: സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന് 2 അഡ്വാൻറ്റേജുകൾ; സെമി എളുപ്പമാവും
സ്പാനിഷ് പരിശീലകൻ
ഐഎസ്എല്ലിൽ പൊതുവെ സ്പാനിഷ് പരിശീലകർക്ക് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഡേവിഡ് കറ്റാലയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനിൽ ആരാധകർക്കുള്ള വിശ്വാസവും ഈ സ്പാനിഷ് രസക്കൂട്ട് തന്നെയാണ്. കറ്റാലയുടെ സ്ട്രാറ്റജി പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് പുതുതായി സൈൻ ചെയ്ത 3 വിദേശ താരങ്ങളും എന്നത് ആശാനിലുള്ള വിശ്വസ്തത വർധിക്കുന്നു. പരിശീലകന് അനുയോജ്യരായ താരങ്ങളെ ലഭിക്കുന്നത് പരിശീലകന് ഒരു അഡ്വാന്റേജാണ്. ഈ അഡ്വാന്റേജ്ജ് മുതലെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷ.
ഡിഫൻസീവ് മിഡ്ഫീൽഡ് & ഗോൾ കീപ്പർ
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യമേഖലയായി കണക്കാക്കുന്ന രണ്ട് പൊസിഷനുകളാണ് ഡിഫൻസീവ് മിഡ്ഫീൽഡ്, ഗോൾ കീപ്പർ എന്നിവ. സച്ചിൻ സുരേഷ് തന്നെയായിയിരിക്കും ഇത്തവണയും ഫസ്റ്റ് ചോയിസ്. തന്റെ ആദ്യ സീസണി തിളങ്ങിയ സച്ചിൻ കഴിഞ്ഞ സീസണിൽ പാടെ നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ടാലന്റുള്ള താരമാണ് സച്ചിൻ സുരേഷ് എങ്കിലും ഗോൾ കീപ്പിങ്ങിൽ ഒരു ബിഗ് നെയിം അല്ല സച്ചിൻ. അതിനാൽ മികവ് തെളിയിക്കുക എന്നതിന് സച്ചിൻ നിർബന്ധിതനാണ്.
ഫ്രഡി, ഡാനിഷ്, അസ്ഹർ എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡിലേക്കുള്ള ഓപ്‌ഷനുകളാണ് എങ്കിലും ഈ പൊസിഷനിലേക്കും ഒരു ബിഗ് നെയിം ഇല്ല. ദുസാൻ ലഗോറ്റർ ഡിഫൻസീവ് മിഡിഫീൽഡ് കൈകാര്യം ചെയ്യുന്ന താരാമാണ് എന്നത് ഒരു ആശ്വാസമാണ്. എങ്കിലും ഈ നിർണായക പൊസിഷൻ ബ്ലാസ്റ്റേഴ്സിന് ഒരൽപം തലവേദനയാണ്.
മത്സരമില്ലായ്മ
അനിശ്ചിതങ്ങളെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഏറെ വൈകിയിരുന്നു. ഇതോടെ കളിക്കാർക്ക് വലിയ ഗ്യാപ്പ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പ്രീ- സീസൺ ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും ഒരു നോക്ക്ഔട്ട് ടൂർണമെന്റിന് കളിക്കാർക്കുണ്ടായ ഗ്യാപ് ഒരു തടസ്സമാവുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
