FootballIndian Super LeagueKBFCSports

കൊച്ചിയിൽ മത്സരങ്ങളുണ്ടാവും; ഐഎസ്എല്ലിന്റെ പുതിയ ഫോർമാറ്റ് റെഡിയായി

കാത്തിരിപ്പിനും അനിശിചിതത്വത്തിനും ഒടുവിൽ ഐഎസ്എൽ സീസൺ 2025-26 നുള്ള ഫോർമാറ്റ് തയാറായിരിക്കുകയാണ്

കാത്തിരിപ്പിനും അനിശിചിതത്വത്തിനും ഒടുവിൽ ഐഎസ്എൽ സീസൺ 2025-26 നുള്ള ഫോർമാറ്റ് തയാറായിരിക്കുകയാണ് (isl 2025-26). നേരത്തെ, ലീഗിന്റെ ഫോര്മാറ്റിനെ കുറിച്ചുള്ള പല രീതിയിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് എഐഎഫ്എഫ് ഐഎസ്എൽ സീസണിനുള്ള ഫോർമാറ്റ് തയാറാക്കിയിരിക്കുകയാണ്. കൊച്ചിയിൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഉണ്ടാവുമെന്നാണ് എഐഎഫ്എഫിന്റെ പുതിയ ഫോർമാറ്റ് വ്യക്തമാക്കുന്നത്.

പുതിയ ഫോർമാറ്റ്

isl 2025-26

ടീമുകൾ തമ്മിൽ ഒരൊറ്റ തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. അതായത് 14 ടീമുകൾ അടങ്ങുന്ന ലീഗിൽ ഒരു ടീമിന് 13 മത്സരങ്ങൾ ലഭിക്കും. ഇതിൽ ഒരു ടീമിന് അഞ്ചോ ആറോ ഹോം മത്സരങ്ങൾ ലഭിക്കുന്ന രീതിയിലാണ് എഐഎഫ്എഫിന്റെ പുതിയ ഫോർമാറ്റ്.

ഏതൊക്ക ടീമുമായിട്ടാണ് ഹോം മത്സരങ്ങൾ കളിക്കേണ്ടത്, ഏതൊക്കെ ടീമുമായിട്ടാണ് ആവേ മത്സരങ്ങൾ എന്നിവ എഐഎഫ്എഫ് തീരുമാനിക്കും. അതിനാൽ കൊച്ചിയിൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചോ ആറോ മത്സരങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേ സമയം ലീഗിന്റെ തിയതി എഐഎഫ്എഫ് ഉടൻ പ്രഖ്യാപിക്കും.

ചിലവാകുന്ന തുക

₹24.26 കോടിയാണ് ഈ ഫോർമാറ്റിന് വേണ്ടി ആകെ ചിലവാകുന്ന തുക. എന്നാൽ 10 കോടി രൂപ മാത്രമാണ് എഐഎഫ്എഫ് മുടക്കുക. ബാക്കി തുക ആര് മുടക്കും എന്ന ചോദ്യത്തിന് ഇത് വരെ ഉത്തരം ആയിട്ടില്ല.

എഐഎഫ്എഫിന്റെ കർശനനിർദേശം

അതേ സമയം, ക്ലബ്ബുകൾക്ക് ഐഎസ്എൽ കളിക്കാൻ എഐഎഫ്എഫ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇനി കൂടുതൽ ചർച്ചകൾ വേണ്ടെന്നും കളിക്കുന്നോ ഇല്ലയോ എന്ന കാര്യം അന്തിമമായി അറിയിക്കണം എന്നാണ് ക്ലബ്ബുകളോട് എഐഎഫ്എഫിന്റെ അന്തിമ നിർദേശം. അഞ്ച് ക്ലബ്ബുകൾ മാത്രമാണ് ഐഎസ്എൽ കളിയ്ക്കാൻ തയ്യാറാവുന്നത് എങ്കിൽ ആ അഞ്ച് ക്ലബ്ബുകളുമായും ഞങ്ങൾ ലീഗ് നടത്തും എന്നാണ് എഐഎഫ്എഫിന്റെ നിലപാട്.

ആശ്വാസം

അവ്യകതതകൾ ഇനിയും ഒരുപാട് ഉണ്ടെങ്കിലും ലീഗ് നടക്കുമെന്ന കാര്യം ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും കാണാം എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷം നൽകുന്നുണ്ട്.

ആശങ്ക

എന്നാൽ ഈ ഫോർമാറ്റ് ഈ സീസണിൽ മാത്രമായിരിക്കും ഉണ്ടാവുക. അടുത്ത സീസൺ മുതൽ ഐഎസ്എൽ പഴയ ഫോർമാറ്റിൽ ഹോം, ആവേ രീതിയിൽ തിരിച്ചെത്തും.

ഈ സീസണിൽ അനിശിചിതത്വം കാരണം ലീഗ് തുടങ്ങാൻ വൈകിയതാണ് മത്സരങ്ങൾ ഇത്തരത്തിൽ കുറയ്ക്കാനും ലീഗ് ഫോർമാറ്റ് മാറ്റാനും കാരണം. അതേ സമയം ചുരുങ്ങിയ സമയത്തെ ഈ ലീഗിന് പഴയ ആവേശം ഉണ്ടാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. പ്രത്യേകിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ് എന്നിവർ ഇതിനോടകം ക്ല്ബ് വിട്ടു. ഇതിൽ ലൂണ ലോണിലും മറ്റുള്ളവർ കരാർ അവസാനിപ്പിച്ചുമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇവരില്ലാത്ത ഐഎസ്എല്ലിൽ ആവേശമുണ്ടാവുമോ എന്ന ആശങ്ക ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

ALSO READ: രണ്ട് വിദേശികളെ മാത്രം നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ്

content: isl 2025-26