മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പാളയത്തിൽ നിർണ്ണായക നീക്കങ്ങൾ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിശീലനത്തിന് ശേഷം ടീം ഹോട്ടലിൽ അർദ്ധരാത്രി വരെ നീണ്ട സുപ്രധാന യോഗം നടന്നതായാണ് വിവരം.
ടീം നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണും യോഗത്തിൽ പങ്കെടുത്തു.
മുംബൈയ്ക്കെതിരെ അടക്കം വരാനുള്ള മത്സരങ്ങളെ പറ്റിയായിരുന്നു ചർച്ചകൾ. റിപോർട്ടുകൾ അനുസരിച്ച് യോഗ്യത്തിൽ ചർച്ച ചെയ്ത അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം..
1.ധോണിയുടെ മടങ്ങിവരവ്

സിഎസ്‌കെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങിവരവിനായാണ്. മത്സരങ്ങളുടെ അവസാന ഓവറുകളിൽ അതിവേഗം റൺസ് കണ്ടെത്താൻ ടീം നിലവിൽ ഏറെ കഷ്ടപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഒരു ഫിനിഷറുടെ റോളിൽ ധോണി ടീമിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണെന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.എന്നാൽ അദ്ദേഹത്തിന്റെ ശാരീരികക്ഷമത പൂർണ്ണമായി വീണ്ടെടുത്തോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
ടീം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ധോണി കളത്തിലിറങ്ങണോ അതോ കുറച്ചുകൂടി സമയം നൽകണോ എന്നതാണ് യോഗത്തിൽ ഉയർന്ന പ്രധാന ചോദ്യം.
2.ബാറ്റിംഗ് നിരയിലെ അഴിച്ചുപണി

ബാറ്റിംഗ് നിരയിൽ ഉർവിൽ പട്ടേലിന്റെ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾ നടന്നു. നിലവിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന ഉർവിൽ പട്ടേലിനെ ഓപ്പണിംഗിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
പവർപ്ലേ ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്താൻ ഉർവിൽ പട്ടേൽ ഓപ്പണറായി വരുന്നത് ഗുണകരമാകുമെന്നാണ് ചർച്ചയിൽ ഉയർന്ന അഭിപ്രായം. ഉർവിൽ ഓപ്പണിങ്ങിലേക്ക് വന്നാൽ നായകൻ ഋതുരാജ് ആയിരിക്കും മൂന്നാം സ്ഥാനത്ത് ഇറങ്ങുക.
3.ബൗളിംഗ് നിരയിലെ പുതിയ പരീക്ഷണങ്ങൾ

ബൗളിംഗ് നിരയിലും ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ ടീം വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
നിലവിൽ ശരാശരി പ്രകടനം നടത്തുന്ന ഗുർജപ്‌നീത് സിംഗിന് പകരം കൂടുതൽ പരിചയസമ്പത്തുള്ള ആകാശ് മധ്വാളിനെ പരീക്ഷിക്കാനുള്ള സാധ്യതയും യോഗത്തിൽ ചർച്ചയായി. ഡെത്ത് ഓവറുകളിൽ കൃത്യതയോടെ പന്തെറിയാൻ ആകാശ് മധ്വാളിന് കഴിയുമെന്നാണ് വിലയിരുത്തൽ.
4.ശിവം ദുബെയ്ക്ക് പകരക്കാരൻ?

ടീമിലെ വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ശിവം ദുബെയുടെ സ്ഥാനത്തിനും ഭീഷണിയുണ്ട്. ദുബെയ്ക്ക് പകരം പ്രശാന്ത് വീറിനെ ടീമിലെടുത്താൽ ബാറ്റിംഗിനൊപ്പം സ്പിൻ ബൗളിംഗ് ഓപ്ഷൻ കൂടി ടീമിന് ലഭിക്കും.
ഓൾറൗണ്ടർമാരുടെ സാന്നിധ്യം ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നതിനാലാണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് ടീം ഗൗരവമായി ചിന്തിക്കുന്നത്.
5.കാർത്തിക് ശർമ്മയ്ക്ക് പകരം രാമകൃഷ്ണ ഘോഷ്

കാർത്തിക് ശർമ്മയുടെ പ്രകടനം വിലയിരുത്തപ്പെട്ടു. അദ്ദേഹം ടീമിൽ തുടരാൻ അർഹനാണോ അതോ പുതുമുഖമായ രാമകൃഷ്ണ ഘോഷിനെ അരങ്ങേറ്റത്തിന് അനുവദിക്കണോ എന്നാണ് ചർച്ച ചെയ്തത്.
ചർച്ചയിൽ ഉയർന്ന് വന്നത് ഈ അഞ്ച് കാര്യങ്ങൾ ആണെങ്കിലും ഇതിൽ ക്ലബ് സ്വീകരിച്ച നിലപാട് അടുത്ത മത്സരങ്ങളിലൂടെ മാത്രമേ വ്യക്തമാവുകയുള്ളു. സാധ്യതകൾ അനുസരിച്ച് ശിവം ദുബെ ടീമിൽ നിന്ന് പുറത്ത് പോകാൻ സാധ്യതയില്ല, എന്നാൽ ഉർവിൽ പട്ടേൽ ഓപണിംഗിലേക്ക് വരാനും രാമകൃഷ്ണ ഘോഷ്, ആകാശ് മദ്ധ്വാൽ എന്നിവർ ഇലവനിലേക്ക് വരാനുള്ള സാധ്യതകളുണ്ട്.
ALSO READ: സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് തിരിച്ചടി, ലക്ഷ്യം 2027 ലോകകപ്പ്
English Summary: A crucial CSK team meeting was held in Chennai featuring Ruturaj Gaikwad, Stephen Fleming, and Sanju Samson. Discussions focused on MS Dhoni’s fitness, batting order changes for Urvil Patel, and potential bowling swaps involving Akash Madhwal and Prashant Veer for upcoming matches.
