CricketIndian Cricket TeamSports

സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് തിരിച്ചടി, ലക്ഷ്യം 2027 ലോകകപ്പ്

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ (Sanju Samson) തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ . ഐപിഎൽ 2026-ലെ തകർപ്പൻ പ്രകടനവും ട്വന്റി20 ലോകകപ്പിലെ സാന്നിധ്യവുമാണ് സഞ്ജുവിന് വീണ്ടും വഴിതുറക്കുന്നത്.

മോശം ഫോമിലുള്ള ഋഷഭ് പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നത്. സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും പുതിയ ടീമിനെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷ്യം 2027 ലോകകപ്പ്

Sanju Samson
Sanju Samson

2027-ൽ ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി കരുത്തുറ്റ ഒരു ടീമിനെ സജ്ജമാക്കുകയാണ് ബിസിസിഐ.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റിൻഡീസ് പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകും. ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിനെ മാറ്റിനിർത്തുന്നത് ടീമിന് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റ്.

ഐപിഎൽ ഈ സീസണിൽ ഋഷഭ് പന്ത് നേരിടുന്ന കടുത്ത ഫോമില്ലായ്മയാണ് സഞ്ജുവിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചത്. പന്തിന് പകരക്കാരെ തേടാൻ സെലക്ടർമാർ നിർബന്ധിതരായ സാഹചര്യത്തിൽ ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരെക്കാൾ മുൻഗണന സഞ്ജുവിനാണ് നൽകുന്നത്. ഏകദിനത്തിൽ പന്തിനേക്കാൾ മികച്ച ബാറ്റിംഗ് ശരാശരി സഞ്ജുവിനുണ്ട് എന്നത് ശ്രദ്ധേയമാണ്.

സഞ്ജു സാംസണും ഋഷഭ് പന്തും: കണക്കുകൾ ഇങ്ങനെ

ഏകദിന ക്രിക്കറ്റിലെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ സഞ്ജു സാംസൺ ഏറെ മുന്നിലാണ്. പന്തിനേക്കാൾ കുറഞ്ഞ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

  • സഞ്ജു സാംസൺ: 16 മത്സരങ്ങളിൽ നിന്ന് 510 റൺസ്. ശരാശരി 56.67. ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറികളും.
  • ഋഷഭ് പന്ത്: 31 മത്സരങ്ങളിൽ നിന്ന് 871 റൺസ്. ശരാശരി 33.50. ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറികളും.
  • ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്ന സഞ്ജു 8 മത്സരങ്ങളിൽ നിന്ന് 304 റൺസ് നേടി. സ്ട്രൈക്ക് റേറ്റ് 169.
  • പന്തിന്റെ ഐപിഎൽ പ്രകടനം: 8 മത്സരങ്ങളിൽ നിന്ന് വെറും 189 റൺസ് മാത്രമാണ് പന്തിന് നേടാനായത്.

ഗൗതം ഗംഭീറിന്റെ പിന്തുണ

മലയാളി താരത്തിന്റെ ബാറ്റിംഗ് ശൈലിയോടും കഴിവിനോടും നേരത്തെ തന്നെ മതിപ്പുള്ള വ്യക്തിയാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.

പന്ത് നിലവിൽ ടീമിലുണ്ടെങ്കിലും 2024 ഓഗസ്റ്റിന് ശേഷം ഏകദിന മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.

കെ.എൽ. രാഹുൽ ഒന്നാം നമ്പർ കീപ്പറായി തുടരുമ്പോൾ, ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന സഞ്ജുവിനെ ടീമിലെടുക്കുന്നത് ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസൺ അവസാനമായി സെഞ്ച്വറി നേടിയത് 2023-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

ആ മികവ് വരാനിരിക്കുന്ന പരമ്പരകളിലും ആവർത്തിക്കാൻ കഴിഞ്ഞാൽ 2027 ലോകകപ്പ് ടീമിൽ സഞ്ജു തന്റെ സ്ഥാനം ഉറപ്പിക്കും.

നീണ്ട രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന കുപ്പായത്തിൽ സഞ്ജുവിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ: IPL 2026: അവനെ ഇനിയും ടീമിലെടുത്തില്ലെങ്കിൽ ഞാൻ സമരം ചെയ്യും; ഗംഭീറിനെതിരെ തിവാരി

English Summary : Sanju Samson is likely to return to the Indian ODI squad as the second wicket keeper, replacing Rishabh Pant. With an impressive IPL 2026 performance and a solid ODI average of 56.67, Sanju Samson is a key part of Gautam Gambhir’s plans for the 2027 World Cup.