അൽ- നസ്റുമായി കരാറിന്റെ അവസാന സമയത്തിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുള്ളത്. ഈ കരാർ പുതുക്കാൻ റോണോയ്ക്ക് താൽപര്യമില്ല. പരിശീലകനുമായും ടീം ഡയറക്ടറുമായ വിയോജിപ്പുള്ള റോണോ ക്ലബ് വിടുമെന്നാണ് പ്രബല റിപോർട്ടുകൾ.
എന്നാൽ റോണോയെ കൈ വിടാതെ തങ്ങളുടെ കീഴിലുള്ള അൽ- ഹിലാലിലേക്ക് താരത്തെ മാറ്റാൻ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ താരത്തിന് മറ്റൊരു ലീഗിൽ നിന്നും ഒരു മികച്ച ഓഫർ വന്നതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു.
താരത്തിന് ഒരു ബ്രസീലിയൻ ക്ലബ്ബിൽ നിന്നും ഒരു മികച്ച ഓഫർ വന്നതായാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ക്ലബ് ഏതാണെന്ന കാര്യം വ്യക്തമല്ല. നേരത്തെ ബ്രസീലിയൻ ക്ലബായ പാൽമിറാസ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനാൽ പാൽമിറാസ് ആയിരിക്കാം ഇപ്പോൾ ഓഫർ നൽകിയത്.
അതേ സമയം, ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അൽ- ഹിലാൽ, ചെൽസി, പാൽമിറസ് എന്നീ ക്ലബ്ബുകൾ താരത്തിനായി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ ൩ ക്ലബ്ബുകൾക്കും ക്ലബ് ലോകകപ്പ് യോഗ്യതയുണ്ട്.
