FootballFootball Cup CompetitionsIndian Super LeagueKBFCSports

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂലിൽ മാറ്റം വരുത്തി എഐഎഫ്എഫ്

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഏപ്രിൽ 20 ന് തുടക്കമാവുകയാണ്. പ്രതീക്ഷകളുമായി വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നുണ്ട്. സൂപ്പർ കപ്പ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ടൂർണമെന്റ് സംഘാടകരായ എഐഎഫ്എഫ്.

ഏപ്രിൽ 20 വൈകുന്നേരം 4:30 നായിരുന്നു ഉദ്‌ഘാടന മത്സരമായ കേരളാ ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരം ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ഈ മത്സരം അന്നേ ദിവസം രാത്രി 8 മണിയിലേക്ക് മാറ്റിയിരിക്കുകയാണ് എഐഎഫ്എഫ്.

ഏപ്രിൽ 20 ന് രാത്രി 8 മണിക്ക് മോഹൻ ബഗാനും ചർച്ചിൽ ബ്രദേഴ്സ് ഗോവയും തമ്മിലുള്ള മത്സരമായിരുന്നു നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ഐ- ലീഗിലെ കിരീടവകാശികളെ സംബന്ധിച്ച് തർക്കം തുടരുന്ന സാഹചര്യത്തിൽ ചർച്ചിൽ ബ്രദേഴ്സ് സൂപ്പർ കപിൽ നിന്നും പ്രതിഷേധം എന്നോണം പിൻമാറിയിരുന്നു.

ചർച്ചിൽ പിന്മാറിയതോടെ മോഹൻ ബഗാന് ആദ്യ റൌണ്ട് മത്സരം കളിക്കാതെ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്‌തു. ഈ മത്സരം ഉപേക്ഷിച്ചതാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം രാത്രി 8 മണിയിലേക്ക് മാറ്റിയത്.

അതേ സമയം, സൂപ്പർ കപ്പ് ഒരുക്കത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ രണ്ട് താരങ്ങൾക്ക് പരിക്കാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഗോൾ കീപ്പർമാരായ സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ് എന്നിവർക്കാണ് പരിക്കേറ്റത് എന്നാണ് റിപോർട്ടുകൾ. എന്നാൽ ഇരുവരും സൂപ്പർ കപ്പ് സ്‌ക്വാഡിലുണ്ട്.