പഹൽഗാം ഭീ.കരാക്ര.മണത്തിന് തിരിച്ചടി നൽകി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെ ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ തകർത്ത് തിരിച്ചടി നൽകുമെന്ന് പാക് ഭീഷണി. അഞ്ച് ഐപിഎൽ ടീമുകളുടെ സ്റ്റേഡിയങ്ങൾക്കെതിരെയാണ് ഭീഷണി.
ഡൽഹി കാപിറ്റൽസിന്റെ ഹോം ഗ്രൗണ്ടായ ഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയം, ചെന്നൈ സൂപ്പർ കിങ്സ് ഹോം ഗ്രൗണ്ട് ചെപ്പോക്ക് സ്റ്റേഡിയം, രാജസ്ഥാൻ റോയൽസിന്റെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം, ഗുജറാത്ത് ടൈറ്റൻസിന്റെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കെകെആറിന്റെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് എന്നീ സ്റ്റേഡിയങ്ങൾക്കാണ് ഭീഷണി.
അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ ഹോം ഗ്രൗണ്ടായ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ മേയ് 11ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവരുെട മത്സരം നടക്കാനിരിക്കെയാണ് ഇമെയിൽ ബോം.ബ് ഭീഷണി ലഭിച്ചത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനും ഭീഷണിയുണ്ട്. ഔദ്യോഗിക ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചതായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അജ്ഞാത ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും ഭീഷണിയുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ഇ മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അസോസിയേഷൻ പ്രതിനിധികൾ ഇത് ഉടൻ തന്നെ അഹമ്മദാബാദ് പൊലീസിനു കൈമാറി. ‘നിങ്ങളുടെ സ്റ്റേഡിയം തകർക്കും’ എന്ന ഒറ്റവരി സന്ദേശമാണ് ലഭിച്ചത്.