2025 ഐപിഎൽ സീസൺ ചെന്നൈ സൂപ്പർ കിങ്സിന് ഒരിക്കലും നല്ലൊരു അനുഭവമായിരുന്നില്ല. തുടക്കത്തിലേ പാളിയ സിഎസ്കെ സീസണിനിടയിൽ ഡിവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരെ സ്വന്തമാക്കി നില കുറച്ചൽപ്പം നന്നാക്കി. എന്നാൽ സീസണിനിടയിൽ നടത്തിയ ഈ നീക്കങ്ങൾ സിഎസ്കെ വീണ്ടും തുടരുകയാണ്. സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്.
അഫ്ഗാൻ ഓൾറൗണ്ടറായ അസ്മത്തുള്ള ഒമർസായിയാണ് സിഎസ്കെയുടെ റഡാറിലുള്ള താരം. നിലവിൽ പഞ്ചാബ് കിംഗ്‌സിന്റെ താരമാണെങ്കിലും, കഴിഞ്ഞ താരലേലത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തിയിരുന്നു. എന്നാൽ ലേലത്തിൽ പഞ്ചാബ് വിജയിക്കുകയായിരുന്നു.
ഒരു മികച്ച ഓൾറൗണ്ടറെന്ന നിലയിൽ ഒമർസായി സിഎസ്‌കെയുടെ ടീം ഘടനയ്ക്ക് ഏറെ അനുയോജ്യമാണ്. മധ്യനിരയിൽ അതിവേഗം റൺസ് നേടാനും ആവശ്യമെങ്കിൽ നിർണായക വിക്കറ്റുകൾ വീഴ്ത്താനും കെൽപ്പുള്ള താരമാണ് അദ്ദേഹം.
പഞ്ചാബ് കിംഗ്‌സ് അദ്ദേഹത്തെ നിലനിർത്തുമോ അതോ ട്രേഡ് വിൻഡോയിലൂടെ കൈമാറുമോ എന്നത് പ്രധാനമാണ്. അഥവാ താരം ലേലത്തിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ, സിഎസ്‌കെ അദ്ദേഹത്തിനായി വലിയ തുക മുടക്കാൻ മടിക്കില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണുകളിലെ പ്രകടനം പരിഗണിച്ച്, ടീമിന്റെ ബാലൻസ് നിലനിർത്താൻ ഒമർസായിയെപ്പോലൊരു താരത്തെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്.
അവസാന ഓവറുകളിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മത്സരം മാറ്റാൻ കഴിവുള്ള ഒരു താരമാണ് ഒമർസായി. ചെന്നൈയുടെ സ്ലോ പിച്ചുകളിൽ അദ്ദേഹത്തിന്റെ മീഡിയം പേസ് ബൗളിംഗും സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനുള്ള കഴിവും നിർണായകമാകുവുമെന്നുറപ്പാണ്.