21 വയസ്സിൽ ക്ലബ് ലഭിക്കാത്ത അവസ്ഥ വരിക. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണിത്. അത്തരത്തിലൊരു അവസ്ഥയിലാണ് മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരം ഇപ്പോൾ കടന്ന് പോകുന്നത്.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ട നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ പകുതി പിന്നിടുമ്പോഴും ക്ലബ് കിട്ടാത്ത അവസ്ഥ വന്നിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തോളമായി ഫ്രീ ഏജന്റാണ് ഈ 21 കാരൻ.
വിദേശ രാജ്യങ്ങളിൽ നിന്നും യുവ കളിക്കാരെ ബ്ലാസ്റ്റേഴ്സിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി 2023 ൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമായിരുന്നു ജസ്റ്റിൻ. ആദ്യ സീസണിൽ ഗോകുലം കേരളയിലേക്ക് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കുകയായിരുന്നു. അവിടെ 11 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടുകയും ചെയ്തു.
പിന്നീട് ആ സീസണിൽ ക്വമെ പെപ്രയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും താരം നേടി. ലോണിൽ അയക്കുന്നതിന് മുമ്പ് ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി നടത്തിയ പ്രകടനവും ഈ കണക്കുകളിൽ പെടുന്നു.
പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു കരാർ നൽകിയെങ്കിലും കരാർ സ്വീകരിക്കാത്ത താരം ബ്ലാസ്റ്റേഴ്‌സ് വിടുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരത്തിന് ഇത് വരെ പുതിയ ക്ലബ് കണ്ടെത്താനായിട്ടില്ല.